റുഖിയ തിരോധാനം:
കുടുംബം ഹൈക്കോടതിയിൽ
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ നിന്നും ഒരു വർഷത്തിലധികമായി കാണാതായ പനമ്പുഴ റോഡ് വടക്കേതല സ്വദേശിനി റുഖിയ (75) യുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. പ്രാദേശിക പോലീസിൻ്റെ ഇതുവരെയുള്ള അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നും കൃത്യമായ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് റുഖിയയുടെ മകൻ യാസർ അറഫാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
2024 ജൂൺ മാസം ഇരുപത്തിയൊന്നിനാണ് റുഖിയയെ കാണാതാവുന്നത്. ഉടൻ തന്നെ മകൻ യാസർ അറഫാത്ത് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും നാട്ടിലും പരിസര പ്രദേശങ്ങളിലും ഊർജ്ജിത തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പരിസരങ്ങളിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ശരിയായി നടക്കാനോ സംസാരിക്കാനോ സാധിക്കാത്ത റുഖിയ അധിക ദൂരം പോയിട്ടുണ്ടാവില്ലെന്നു തന്നെയായിരുന്നു കുടുംബത്തിൻ്റെ വിശ്വാസം. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു വിവരവും റുഖിയയെ കുറിച്ച് ലഭിക്കാത്ത സാഹചര്യത്തിലാണ് മനുഷ്യാവകാശ, സാമൂഹ്യ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്തിൻ്റെ സഹായത്തോടെ കുടുംബം ഹൈകോടതിയെ സമീപ്പിച്ചത്. ഹരജിക്കാരനു വേണ്ടി ഹൈക്കോടതി അഭിഭാഷൻ അഡ്വ. ഹംസത്ത് അലി വി.കെ ഹാജരായി.
അമ്മയെ കാണാൻ കഴിയാതെ കുടുംബം അലയുന്ന സാഹചര്യം ദൗർഭാഗകരമാണെന്നും ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ റിപോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. തുടർ വാദങ്ങൾക്കായി അടുത്ത മാസം പത്തിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.