കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ഇൻഡിഗോ വിമാനം, ആർത്തു നിലവിളിച്ച് യാത്രക്കാർ

കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ഇൻഡിഗോ വിമാനം, ആർത്തു നിലവിളിച്ച് യാത്രക്കാർ



ന്യൂദൽഹി- കനത്ത കൊടുങ്കാറ്റിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിന്റെ ലാന്റിഗ് ഏറെ നേരം വൈകി. ഇടിമിന്നലും കനത്ത കാറ്റുമാണ് ദൽഹി വിമാനത്താവളത്തിൽ വിമാനം മുക്കാൽ മണിക്കൂറോളം വൈകി ലാന്റ് ചെയ്തത്. വിമാനം കാറ്റിൽ ആടിയുലഞ്ഞതോടെ യാത്രക്കാർ വലിയ തോതിൽ ബഹളം വെക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൽഹിയിലും പരിസര പ്രദേശങ്ങളിലും മഴയും കൊടുങ്കാറ്റും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അപകടത്തിൽപ്പെട്ടത്. റായ്പൂരിൽ നിന്നുള്ള 6E 6313 വിമാനമാണ് ദൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്താനകാതെ പ്രതിസന്ധിയിലായത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞുവീശുകയും ചെയ്തു. ഇതേതുടർന്ന് വിമാനം വീണ്ടും ഉയർത്തുകയായിരുന്നു. നിരവധി തവണ ശ്രമിച്ച ശേഷം വൈകിട്ട് 5.43-നാണ് വിമാനം ലാന്റ് ചെയ്തത്. 5.05 ന് ലാന്റ് ചെയ്യേണ്ട വിമാനമായിരുന്നു ഇത്.

ദൽഹിയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടി ശക്തമായ കാറ്റും മഴയുമാണ് ഇന്നലെ അനുഭവപ്പെട്ടത്. കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന മേഘക്കൂട്ടമാണ് കാലാവസ്ഥാ പ്രതികൂലമാകാൻ കാരണമായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറഞ്ഞു, തലസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയത്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം പ്രദേശത്ത്, വൈകുന്നേരം 4.30 ഓടെ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായും പ്രഗതി മൈതാനത്ത്, മണിക്കൂറിൽ 76 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം,
തിങ്കളാഴ്ച ഇടിമിന്നലോട് കൂടിയ മഴയും, ശക്തമായ കാറ്റും (മണിക്കൂറിൽ 40-50 കിലോമീറ്റർ) ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

Previous Post Next Post