ഇന്ത്യക്കാർക്കുള്ള സ്വകാര്യ ഹജ് ക്വാട്ടയുടെ 80 ശതമാനം നഷ്ടമായി; വീണ്ടെടുക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു

ഇന്ത്യക്കാർക്കുള്ള സ്വകാര്യ ഹജ് ക്വാട്ടയുടെ 80 ശതമാനം നഷ്ടമായി; വീണ്ടെടുക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു



ന്യൂദല്‍ഹി: ഇന്ത്യയ്ക്കുള്ള സ്വകാര്യ ഹജ് ക്വാട്ടയുടെ 80 ശതമാനവും വെട്ടിക്കുറച്ചത് തീര്‍ത്ഥാടകര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും വലിയ തിരിച്ചടിയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇതു പരിഹരിക്കണമെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. അതേസമയം ക്വാട്ട വെട്ടിക്കുറച്ചതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല. വിവരങ്ങള്‍ ആരാഞ്ഞ് ബന്ധപ്പെട്ടപ്പോള്‍ കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലകുട്ടിയും പ്രതികരിച്ചില്ല. ഔദ്യോഗിക വിശദീകരണം വരുന്നത് വരെ കാത്തിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സ്വകാര്യ ഹജ് ക്വാട്ട സംബന്ധിച്ച് മെഹബൂബയുടെ ട്വീറ്റ് പുറത്തു വന്നതോടെയാണ് ഈ വിഷയം ചര്‍ച്ചയായത്.

സ്വകാര്യ ടൂര്‍ ഓപറേറ്റര്‍ മുഖേന 52,000 ഇന്ത്യക്കാരാണ് ഹജിനായി ബുക്ക് ചെയ്തിട്ടുള്ളത്. ഇവരില്‍ 20 ശതമാനം പേരുടെ യാത്ര മാത്രമെ ഇപ്പോള്‍ ഉറപ്പിക്കാനാകൂ എന്നാണ് ന്യൂനപക്ഷ മന്ത്രാലയം ഇറക്കിയ പുതിയ സര്‍ക്കുലറില്‍ പറയുന്നതെന്ന് വാര്‍ത്താ ഭാരതി റിപോര്‍ട്ട് ചെയ്യുന്നു. ഇതോടെ കംബൈന്‍ഡ് ഹജ് ഗ്രൂപ്പ് ഓര്‍ഗനൈസേഴ്‌സ് (സ്വകാര്യ ഗ്രൂപ്പുകള്‍) വഴി ബുക്ക് ചെയ്ത 80 ശതമാനം പേരുടേയും യാത്ര ആശങ്കയിലായിരിക്കുകയാണ്.

തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങള്‍ക്കും കരാറുകള്‍ക്കും അന്തിമരൂപം നല്‍കുന്നതിനുള്ള നുസുക് പോര്‍ട്ടല്‍ സൗദി ഹജ് ഉംറ മന്ത്രാലയം പൂട്ടിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പണമടക്കാനും, അന്തിമ സേവന കരാറുകള്‍ സമര്‍പ്പിക്കാനും വൈകിയതിനാല്‍ മിന സോണ്‍ 1, 2 എന്നിവ സൗദി അധികൃതര്‍ റദ്ദാക്കി. ബാക്കിയുള്ള 3, 4, 5 സോണുകള്‍ അനുവദിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഈ വീഴ്ചയ്ക്ക് ഉത്തരവാദികള്‍ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരാണെന്ന് ന്യൂനപക്ഷ മന്ത്രാലയം ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സ്വകാര്യ ഗ്രൂപ്പുകള്‍ സ്വതന്ത്രമായാണ് നുസുക് പോര്‍ട്ടല്‍ വഴി എല്ലാ ക്രമീകരണങ്ങളും നടത്തേണ്ടത്. എന്നാല്‍ ഭൂരിപക്ഷം ഗ്രൂപ്പുകളും സമയപരിധിക്കുള്ളില്‍ പണം അടക്കുകയും കരാര്‍ സമര്‍പ്പിക്കുകയും ചെയ്തില്ല. ഇതിന്റെ ഫലമായാണ് സൗദി അധികൃതര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുവദിക്കുന്ന സൗകര്യങ്ങള്‍ മരവിപ്പിച്ചത്.


അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് ഈ സ്ഥിതിയിലെത്തിച്ചതെന്ന് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സൗദി അധികൃതര്‍ നടപ്പിലാക്കിയ മാറ്റം അനുസരിച്ച് സ്വകാര്യ ഓപറേറ്റര്‍മാര്‍ സര്‍ക്കാര്‍ ചാനലുകള്‍ വഴിയാണ് പണം അടക്കേണ്ടത്. ഇതുപ്രകാരം ഭൂരിപക്ഷം ഓപറേറ്റര്‍മാരും സര്‍ക്കാരിന് പണം അടച്ചിട്ടുണ്ട്. 2024ന് മുമ്പ് വരെ എല്ലാ പണമിടപാടുകളും സ്വകാര്യ ഓപറേറ്റര്‍മാര്‍ സൗദി അധികൃതരുമായി നേരിട്ടാണ് നടത്തിയിരുന്നതെന്നും ഓപറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.


പ്രതിസന്ധിയിലായതോടെ ന്യൂനപക്ഷ മന്ത്രാലയം ഇക്കാര്യത്തില്‍ സൗദി ഹജ് മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി നുസുക് പോര്‍ട്ടല്‍ കുറഞ്ഞ സമയത്തേക്ക് താല്‍ക്കാലികമായി വീണ്ടും തുറന്നു നല്‍കാന്‍ സൗദി അധികൃതര്‍ സമ്മതിച്ചതായി റിപോര്‍ട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമായിരിക്കും ഈ സൗകര്യം. ഇതു തുറന്നു കിട്ടിയാല്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നുസുക് പോര്‍ട്ടലില്‍ പണം അടക്കാനും സേവന കരാറും ഹാജിമാരുടെ താമസ, യാത്രാ ക്രമീകരണങ്ങള്‍ സമര്‍പ്പിക്കാനും അവസരം ലഭിക്കും.


സമയം വൈകിയതിനാല്‍ മിനയില്‍ പരിമിതമായ ക്യാമ്പുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. നുസുക് പോര്‍ട്ടല്‍ തുറന്നാല്‍ ആദ്യം നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഗ്രൂപ്പുകള്‍ക്കെ അവസരം ലഭിക്കൂ. ഏതു സോണിലാണ് താമസ അനുമതി ലഭിക്കുക എന്നോ നിലവിലെ സ്ഥല ലഭ്യത സംബന്ധിച്ചോ വ്യക്തതയില്ല.

Previous Post Next Post