സിദ്ദീഖ് കാപ്പനെതിരെ ദുരൂഹ നീക്കം; ആശങ്കയറിയിച്ച് ഭാര്യ റൈഹാനത്ത്, അർധരാത്രിയാണോ പതിവ് പരിശോധനയെന്ന് കാപ്പൻ?

സിദ്ദീഖ് കാപ്പനെതിരെ ദുരൂഹ നീക്കം; ആശങ്കയറിയിച്ച് ഭാര്യ റൈഹാനത്ത്, അർധരാത്രിയാണോ പതിവ് പരിശോധനയെന്ന് കാപ്പൻ? 


Share:

മലപ്പുറം: യുപിയിൽ ദളിത് ബാലികയെ കൂട്ട ബലാൽസംഗം ചെയ്തു കൊന്ന കേസ് അന്വേഷിക്കാൻ പോകുമ്പോൾ യുപി പോലീസ്  കിരാത നിയമം ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ ജാമ്യത്തിലുള്ള മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ പോലീസിന്റെ ദുരൂഹ നീക്കം. ശനിയാഴ്ച വൈകീട്ട് ആറിന് സിദ്ദിഖ് കാപ്പന്റെ വീട്ടിൽ രണ്ട് പോലീസുകാർ വന്ന് രാത്രി 12 കഴിഞ്ഞ് വീട്ടിൽ കാപ്പൻ ഉണ്ടാകുമോയെന്ന് ചോദിച്ചതായി ഭാര്യ റൈഹാന സിദ്ദിഖ് അറിയിച്ചു.

പരിശോധനക്കായി മലപ്പുറത്തുനിന്ന് അർധരാത്രി പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും പിന്നീട് പോലീസ് എത്തിയില്ലെന്നും അവർ പ്രതികരിച്ചു.

പതിവ് പരിശോധനയ്ക്ക് രാത്രി 12ന് ശേഷം എത്തുമെന്നാണ് പോലീസുകാർ പറഞ്ഞതെന്നും 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തേണ്ട സാഹചര്യമെന്താണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും സിദ്ദീഖ് കാപ്പൻ പറഞ്ഞു.

ഇന്നലെ വൈകീട്ട് 6.20ഓടെയാണ് രണ്ട് പോലീസുകാർ വന്നത്. വേങ്ങര നിന്ന് വരുന്ന വഴി പലരോടും എന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചുകൊണ്ടാണ് വന്നത്. ഇതൊരു ഭീതിജനിപ്പിക്കാനുള്ള ശ്രമമാണോയെന്നാണ് സംശയം. വഴിയറിയണമെങ്കിൽ അവർക്ക് നേരിട്ട് എന്നെ വിളിക്കാമായിരുന്നു. പോലീസുകാർ എത്തിയപ്പോൾ ‘നിങ്ങളാണോ സിദ്ദീഖ് കാപ്പൻ’ എന്ന് ചോദിച്ചു. രാത്രി ഇവിടെയുണ്ടാകില്ലേയെന്നും ചോദിച്ചു. 12 മണിക്ക് ശേഷം പോലീസ് പരിശോധനക്ക് എത്തുമെന്നാണ് അവർ പറഞ്ഞത്. എന്താണ് കാര്യമെന്നും വാറണ്ടോ മറ്റോ ഉണ്ടോയെന്നും ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു. സാധാരണ പരിശോധന എന്നാണ് അവർ പറഞ്ഞത്. എന്താണ് പോലീസ് ഉദ്ദേശ്യമെന്ന് അറിയില്ല. രാത്രി 12 മണിക്കാണോ പതിവ് പരിശോധനയെന്നും സിദ്ദീഖ് കാപ്പൻ ചോദിച്ചു.

എന്താണ് പോലീസിന്റെ ലക്ഷ്യമെന്ന് മനസ്സിലാകുന്നില്ലെന്ന് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകൻ പറഞ്ഞു. വിവരം അറിഞ്ഞപ്പോൾ തന്നെ യു.പിയിലെ കാപ്പന്റെ കേസ് നടത്തുന്ന അഭിഭാഷകരുമായും ഡൽഹിയിലെ സീനിയേഴ്‌സുമായും സംസാരിച്ചു. ഇങ്ങനെ വന്ന് അന്വേഷിക്കേണ്ട ഒരു സാഹചര്യത്തെ കുറിച്ച് ആർക്കും മനസ്സിലായില്ല. വീട്ടിൽ വന്ന പോലീസുകാരെ വിളിച്ച് ചോദിച്ചപ്പോൾ ‘പതിവ് പരിശോധന’ എന്നാണ് പറഞ്ഞത്. വിശദാംശങ്ങൾ ചോദിച്ചെങ്കിലും അവ്യക്തമായ മറുപടിയാണ് ലഭിച്ചതെന്നും കാപ്പന്റെ അഭിഭാഷകൻ പറഞ്ഞു.

ചുറ്റുപാടും നടക്കുന്ന ഓരോ കാര്യങ്ങൾ കാണുമ്പോൾ, പോലീസിന്റെ വരവ് നിസ്സാരമായി കാണാൻ കഴിയുന്നില്ലെന്ന് കാപ്പന്റെ ഭാര്യ റൈഹാന പറഞ്ഞു. നിസ്സാരമായ ഒരു കാര്യത്തിനാണ് കഴിഞ്ഞ രണ്ടരവർഷം ഞാൻ അനുഭവിച്ചത്. അത് ഇനിയും സംഭവിക്കാം എന്ന ആശങ്ക എനിക്കുണ്ടെന്നും റൈഹാന പറഞ്ഞു.

എന്താണ് കാര്യമെന്നും എന്തിനാണ് പോലീസ് പരിശോധനയ്ക്ക് എത്തുന്നതെന്നും ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരമുണ്ടായില്ലെന്നും അവർ വ്യക്തമാക്കി.

യു.പിയിൽ നടക്കുന്ന കേസുകളിൽ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുണ്ട്. ഒരു നോട്ടീസ് കൊടുത്താലോ ഫോണിലൂടെ പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ കാപ്പന് ഒരു മടിയുമില്ല. എന്നിട്ടും എന്തിനാണ് ഇത്തരത്തിൽ ഒരു പാതിരാ പരിശോധനയുടെ ആവശ്യമെന്ന് മനസിലാകുന്നില്ലെന്നും റൈഹാന പറഞ്ഞു.

ഹത്രാസിലെ ദലിത് ബാലികയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസ് അഅന്വേഷിക്കാൻ പോകുമ്പോഴാണ് സിദ്ദിഖ് കാപ്പനെയും കൂടെയുണ്ടായിരുന്നുവരെയും യു.പി പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി തുറുങ്കിലടച്ചത്. തുടർന്ന് നീണ്ട നിയമയുദ്ധത്തിന് ഒടുവിൽ, സുപ്രീം കോടതിയും ലഖ്‌നോ ഹൈക്കോടതിയും ജാമ്യമനുവദിക്കുകയും സുപ്രീംകോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് കാപ്പന്റെ പേരിലുള്ളത്.

Previous Post Next Post