റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; മുഖ്യാതിഥിയായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ

ന്യൂഡല്‍ഹി: എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. റിപ്പബ്ലിക് ദിന പരേഡില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമായിരിക്കുമിത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുന്ന നാലാമത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റാണ് പ്രബോവോ.
2020ല്‍ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവല്‍ മക്രോണ്‍ ആയിരുന്നു മുഖ്യാതിഥി.
ഇത്തവണത്തെ പരേഡിനു ഇന്തൊനീഷ്യന്‍ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങള്‍ പരേഡിനൊപ്പം അണിനിരക്കും.
ഇന്ത്യന്‍ കരസേനയുടെ യുദ്ധടാങ്കുകളും സൈനിക വാഹനങ്ങളുമെല്ലാം സജ്ജമാണ്. വ്യോമസേനയുടെ 40 വിമാനങ്ങളാണ് ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കുക. നാവികസേനയും പരേഡിനായി സജ്ജമാണ്.