_പെരുവള്ളൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആണ് പിടിയിലായ ഷെരീഫ്._
കൊണ്ടോട്ടി | കള്ളക്കടത്ത് സംഘത്തില്‍നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെന്ന കേസില്‍ യുവാവ് അറസ്റ്റിലായി. വിമാനത്താവളത്തില്‍ കാര്‍ഗോ വിഭാഗത്തില്‍ കരാര്‍ ജീവനക്കാരനായ പെരുവള്ളൂര്‍ കാടപ്പടി സ്വദേശി തൊട്ടിയിൽ മുഹമ്മദ് ഷെരീഫിനെയാണ് (36) കരിപ്പൂര്‍ പൊലീസ് പിടികൂടിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ കേസില്‍നിന്ന് ഒഴിവാക്കാനും പൊലീസിനെ സ്വാധീനിച്ച് ജാമ്യം നേടിയെടുക്കാനുമായാണ് ഇയാള്‍ പണം തട്ടിയത്.
സെപ്റ്റംബര്‍ 25-ന് ദോഹയില്‍ നിന്ന് വിമാനത്താവളത്തില്‍ സ്വര്‍ണവുമായി എത്തിയ കോഴിക്കോട് സ്വദേശി ലിഗേഷ് കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്നിരുന്നു. അപ്പോള്‍ ഒരു സംഘം ഇയാളുമായി പിടിവലി നടത്തുന്നത് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കോഴിക്കോട് ഓമശ്ശേരി കിഴക്കേ പുനത്തില്‍ ആസിഫിനെ പിടികൂടി. ഇതിനിടെ കൊടുവള്ളി സ്വദേശികളായ മുഹമ്മദ് റാഫി, മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഷാഫി എന്നിവര്‍ കാറില്‍ രക്ഷപ്പെട്ടു. ഇവരെ പിന്നീട് പിടികൂടി. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. പൊലീസ് ലിഗേഷില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു.
പിന്നീട്, പിടിയിലായവര്‍ക്ക് ജാമ്യം ലഭിക്കാനും കേസില്‍ ഉള്‍പ്പെട്ടയാളെ പിടികൂടാതിരിക്കാനും പൊലീസിനെ സ്വാധീനിക്കാൻ മുഹമ്മദ് ഷെരീഫ് ഒന്നരലക്ഷം രൂപ ഈ സംഘത്തില്‍നിന്ന് വാങ്ങിയെന്ന് പരാതിയുയര്‍ന്നു. എന്നാല്‍ പിടിയിലാവര്‍ക്ക് ഒരു മാസം കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാതായതോടെയാണ് കൊടുവള്ളി സംഘത്തിലൊരാള്‍തന്നെ മുഹമ്മദ് ഷരീഫിന്റെ പേരില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് എസ്‌ഐ മോഹൻദാസിന്റെ നേതൃത്വത്തില്‍ മുഹമ്മദ് ഷരീഫിനെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n