മലപ്പുറത്ത് സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി
മലപ്പുറം- ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കുക എന്ന മുദ്രാവാക്യവുമായി സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ഇസ്രായിൽ ഫലസ്തീനിൽ പെരുമാറുന്നതെന്നും ആളുകളെ കൊല്ലുകയെന്നത് അവകാശമായാണ് അവർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ ഓരോ കുഞ്ഞുങ്ങളുടെ കൈയിലും അവരുടെ പേര് എഴുതി വെച്ചിരിക്കുകയാണ്. ശവക്കൂനയിൽ നിന്ന് അവരുടെ മൃതദേഹം കണ്ടെത്തുന്നതിനാണിത്. ഐക്യരാഷ്ട്ര സഭയെ പോലും വെല്ലുവിളിച്ചാണ് ഇസ്രായിലിന്റെ നടപടി. എല്ലാ കാലത്തും സാമ്രാജ്യത്വത്തെ എതിർത്ത രാജ്യമാണ് ഇന്ത്യ.
ഇസ്രായിൽ വിരുദ്ധ നിലപാട് മഹാത്മാ ഗാന്ധിയുടെ കാലം മുതൽ നമ്മൾ തുടർന്നു പോന്നതാണ്. എന്നാൽ ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട് നിർഭാഗ്യകരമാണ്.
സാമ്രാജ്യത്വ അനുകൂല നിലപാടാണ് ഇപ്പോഴുള്ളതെന്നും വിജയരാഘവൻ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ, ഉമർ ഫൈസി മുക്കം, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, മലപ്പുറം സെന്റ് തോമസ് ചർച്ച് വികാരി ഫാ.സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, സാഹിത്യകാരൻ കെ.പി രാമനുണ്ണി, പി.നന്ദകുമാർ എം.എൽ.എ, കെ.ടി. ജലീൽ എം.എൽ.എ, പി.വി. അൻവർ എം.എൽ.എ, പ്രൊഫ. എ.പി. അബ്ദുൽ വഹാബ്, അഷ്‌റഫ് വല്ലപ്പുഴ, വി.പി. അനിൽ, കെ.പി. സുമതി, അബ്ദുല്ല നവാസ് എന്നിവർ പ്രസംഗിച്ചു. കോട്ടപ്പടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച ഐക്യദാർഢ്യ റാലി കിഴക്കേത്തലയിൽ സമാപിച്ചു. നിരവധി പേർ റാലിയിൽ പങ്കെടുത്തു.