പുതുപ്പറമ്പ് ശിഹാബ് തങ്ങൾ സൗധം നാളെ നാടിന് സമർപ്പിക്കും
കോട്ടക്കൽ: ഒരു നാടിൻ്റെ സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ട് നിർമ്മാണം പൂർത്തിയായ പുതുപ്പറമ്പിലെ ശിഹാബ് തങ്ങൾ സൗധം വെള്ളിയാഴ്ച
നാടിന് സമർപ്പിക്കും. പ്രവാസികളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ നിർമ്മിച്ച കേന്ദ്രത്തിൻ്റെ ഉദ്ഘാടനം
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സി.എച്ച് പാലിയേറ്റീവ് കെയർ സെന്റർ, മൗലാന അബ്ദുൽബാരി ലൈബ്രറി, സി.എച്ച് ഉസ്താദ് സ്റ്റഡി സെന്റർ, കരിയർ കോച്ചിംഗ് ഹാൾ, മുസ്ലിംലീഗിന്റെയും, ഗ്ലോബൽ കെ.എം.സി.സി ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെയും ഓഫീസുകൾ, കോൺഫറൻസ് ഹാൾ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്.
പുതുപ്പറമ്പ് മേഖലയിലെ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ആസ്ഥാനം എന്നതോടൊപ്പം സാംസ്കാരിക,വിദ്യാഭ്യാസ പരിശീലനം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമായും ശിഹാബ് തങ്ങൾ സൗധം പ്രവർത്തിക്കും.
ഭാവിയിൽ ഇൻഡോർ ഗെയിംസ് ഹാൾ, ജിം എന്നിവ ഉൾപ്പെടുന്ന യൂത്ത് ക്ലബ്ബും വിഭാവനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. ശനിയാഴ്ച തലമുറസംഗമം ,പ്രവാസി മീറ്റ് , വനിത സംഗമം, സ്നേഹപൂർവ്വം കെ.എം.സി.സി എന്ന പേരിൽ പുതുപ്പറമ്പ് ഗ്ലോബൽ കെ.എം.സി.സി സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം എന്നിവ നടക്കും.
ഞായറാഴ്ച രാവിലെ 10 മണിക്ക് വിദ്യാർത്ഥി യുവജന സംഗമം, വൈകീട്ട് പൊതുസമ്മേളനവും നടക്കും.
സമ്മേളനത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച വൈകുന്നേരം വിളംബര റാലി അരങ്ങേറും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ശേഖരിക്കുന്നതിനായി യൂത്ത്ലീഗ് പ്രഖ്യാപിച്ച ബുക്ക് ചാലഞ്ച് പ്രമുഖ ഗായിക തീർത്ഥ സത്യൻ ഉദ്ഘാടനം ചെയ്തു. ഹനീഫ പുതുപറമ്പ്
ബഷീർ പുതുപ്പറമ്പ്, ഇ.കെ. ശരീഫ്, ശരീഫ് തറമ്മൽ,
ഒ.ടി സലാം,നാസർ പറമ്പൻ, മാനു ശരീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.