പതിനേഴാം തവണയും കലാകിരീടം എടരിക്കോട് പി കെ എം എം എച്ച് എസ് എസിന് .
കോട്ടക്കൽ : വേങ്ങര ഉപജില്ല സ്‌കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ , ഹയർ സെക്കണ്ടറി ജനറൽ , അറബിക് , സംസ്‌കൃതം എന്നീ വിഭാഗങ്ങളിലെല്ലാം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി എടരിക്കോട് പി കെ എം എം എച്ച് എസ് എസ് തങ്ങളുടെ തന്നെ റെക്കോർഡ് മറികടന്നു . ജനറൽ , അറബിക് , സംസ്‌കൃതം എന്നീ വിഭാഗങ്ങളിൽ നിന്ന് ഹൈസ്കൂൾ തലത്തിലെ 33 ഇനങ്ങളും ഹയർ സെക്കണ്ടറി തലത്തിലെ 24 ഇനങ്ങളും സഹിതം 57 ഇനങ്ങളിലാണ് അടുത്തമാസം കോട്ടക്കൽ രാജാസ് എടരിക്കോട് പി കെ എം എം എച്ച് എസ് എസ് എന്നിവിടങ്ങളിലായി നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയത് .
മിന്നും വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും വിജയ ശില്പികളായ അധ്യാപകരെയും സ്‌കൂൾ മാനേജ്‌മന്റ് അനുമോദിച്ചു . പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ഉദ്‌ഘാടനം ചെയ്തു . മാനേജർ ബഷീർ എടരിക്കോട് അധ്യക്ഷത വഹിച്ച യോഗത്തിൽ പി കെ ബഷീർ എം എൽ എ , പ്രിൻസിപ്പാൾ കെ മുഹമ്മദ് ഷാഫി , പ്രഥമാധ്യാപകൻ പി ബഷീർ പ്രസംഗിച്ചു.