അമിത് ഷായുമായി കൂടിക്കാഴ്ച; മുഹമ്മദ് ഷമി ബിജെപിയിലേക്ക്?
മുംബൈ-ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമില്ലാത്ത റെക്കാഡ് സ്വന്തമാക്കി താരമാണ് മുഹമ്മദ് ഷമി. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡാണ് ഷമി സ്വന്തം പേരിലാക്കിയിരുന്നത്. ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് ഷമി തകര്‍ത്തത്.
ഇപ്പോഴിതാ ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് മുഹമ്മദ് ഷമി. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് ഷമി മത്സരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന. അടുത്തിടെ ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമുള്ള ചിത്രം ഷമി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇത് താരം ബി ജെ പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ബലപ്പെടുത്തുകയാണ് ചെയ്തത്.
ബി ജെ പി നേതാവ് അനില്‍ ബലൂനിയുടെ ദല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തില്‍ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ വച്ചാണ് താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് കൂടാതെ യു പി മുഖ്യമന്ത്രി അടുത്തിടെ മുഹമ്മദ് ഷമിയുടെ ജന്മനാടായ അംറോഹയില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഉത്തരവിട്ടിരുന്നു. ഒപ്പം അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയ്ക്ക് ശേഷം പ്രധാനമന്ത്രി മോഡി ഡ്രസ്സിംഗ് റൂമില്‍ വച്ച് ഷമിയെ ആലിംഗനം ചെയ്തതുമെല്ലാം ഈ അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തി.