കോളേജ് യൂനിയൻ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് വിജയം അവകാശപ്പെട്ട് വിദ്യാർഥി സംഘടനകൾ
മലപ്പുറം- കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചുവെന്ന അവകാശവാദവുമായിവിദ്യാർഥി സംഘടനകൾ.
മലപ്പുറം ജില്ലയിലെ പത്ത് സർക്കാർ കോളേജുകളിൽ ഒമ്പതിലും എം.എസ്.എഫ് മുന്നണി വിജയിച്ചതായി എം.എസ്.എഫ് ജില്ലാ ഭാരവാഹികൾ അവകാശപ്പെട്ടു. 19 കോളേജുകളിൽ യൂനിയൻ കിട്ടിയതായി എസ്.എഫ്.ഐ ജില്ലാ ഭാരവാഹികൾ അവകാശപ്പെട്ടു. കഴിഞ്ഞ തവണ 48 കോളേജുകളിൽ തനിച്ചു ഭരണം നേടിയ എം.എസ്.എഫ് ഇത്തവണ 72 കോളേജുകളായി ഉയർത്തിയെന്നും എം.എസ്.എഫ്-കെ.എസ്.യു മുന്നണിയായി 22 കോളേജുകളിൽ ഭരണം നേടാനായെന്നും എം.എസ്.എഫ് അവകാശപ്പെട്ടു. തനിച്ച് മത്സരിച്ച മലപ്പുറം ഗവൺമെന്റ് കോളേജിൽ മുഴുവൻ സീറ്റുകളും നിലനിർത്തിയപ്പോൾ മലപ്പുറം വനിതാ ഗവൺമെന്റ് കോളേജ് എസ്.എഫ്.ഐയിൽ നിന്ന് തിരിച്ചുപിടിച്ചു. മലപ്പുറം, കൊണ്ടോട്ടി, നിലമ്പൂർ, തവനൂർ, പെരിന്തൽമണ്ണ പി.ടി.എം, താനൂർ, മങ്കട സർക്കാർ കോളേജുകളിൽ വിജയിച്ചതായി എം.എസ്.എഫ് ഭാരവാഹികൾ അവകാശപ്പെട്ടു.
15 ചെയർമാൻ, 20 യു.യു.സി സ്ഥാനങ്ങൾ കരസ്ഥമാക്കിയെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. 45 വർഷം എസ്.എഫ്.ഐ ഭരിച്ച മഞ്ചേരി എൻ.എസ്.എസ് കോളേജിലും അഞ്ച് വർഷം എസ്.എഫ്.ഐ ഭരിച്ച വളാഞ്ചേരി കെ.ആർ കോളേജിലും പെരിന്തൽമണ്ണ പി.ടി.എം കോളേജിലും മികച്ച മുന്നേറ്റമാണ് കെ.എസ്.യു മുന്നണി നടത്തിയതെന്നും ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു.
19 കോളേജുകളിൽ യൂനിയൻ കിട്ടിയതായി എസ്.എഫ്.ഐ ജില്ലാ ഭാരവാഹികൾ അവകാശപ്പെട്ടു. ഐ.ഇ.ടി എൻജിനീയറിംഗ് കോളേജ്, ലുമിനസ് വളാഞ്ചേരി, ഐ.എച്ച്.ആർ.ഡി വാഴക്കാട്, മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജ്, ഐ.എച്ച്.ആർ.ഡി വട്ടംകുളം, എം.ഇ.എസ് വളാഞ്ചേരി, പ്രവാസി കോളേജ് വെങ്ങാട്, എം.ടി.എം കോളേജ് വെളിയംകോട്, ടി.എം.ജി കോളേജ് തിരൂർ, എം.ഒ.എ കോളേജ് കാവനൂർ, എൽ.ബി.എസ് പരപ്പനങ്ങാടി, മാർത്തോമ കോളേജ് ചുങ്കത്തറ, സഹ്യ കോളേജ് വണ്ടൂർ, ഐ.എച്ച്.ആർ.ഡി മലപ്പുറം, മൗലാന ബി.എഡ് കൂട്ടായി, ദേവകിയമ്മ ബി.എഡ് കോളേജ്, ജാമിഅ കോളേജ് എടവണ്ണ, ഹിക്കമിയ കോളേജ് തിരുവാലി എന്നിവിടങ്ങളിലാണ് യൂനിയൻ ലഭിച്ചത്.
തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചരിത്ര നേട്ടം കൈവരിച്ചതായും എട്ട് കോളേജുകളിൽ യൂനിയനും 31 ജനറൽ സീറ്റുകളും 17 അസോസിയേഷനുകളും നൂറിൽ പരം ക്ലാസ് റപ്പുകളും നേടിയതായി ഫ്രറ്റേണിറ്റി ജില്ലാ ഭാരവാഹികൾ അവകാശപ്പെട്ടു. കാമ്പസുകളിൽ വെറുപ്പിനും ഏകധിപത്യ പ്രവണതക്കും ഫാഷിസത്തിനും എതിരായി സാഹോദര്യ രാഷ്ട്രീയവും ജനാധിപത്യ ബോധവും വിജയിക്കുന്നതാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ വിജയം വ്യക്തമാക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.എം. ഷെഫ്റിൻ പറഞ്ഞു.