കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കവുമായി അവര്‍: തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്
ഉത്തരകാശി - ഉത്തരകാശിയിലെ തുരങ്ക അപകടത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണുകളില്‍ പ്രതീക്ഷയുമായി തലയില്‍ ഹെല്‍മറ്റ് ധരിച്ച തൊഴിലാളികളെ വീഡിയോയില്‍ കാണാം. എല്ലാവരും സുരക്ഷിതരാണെന്നാണ് കരുതുന്നത്.ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള രക്ഷാദൗത്യം ഉച്ചയോടെ ആരംഭിക്കും. തൊഴിലാളികളെ രക്ഷിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് രക്ഷാദൗത്യം. ഈ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. തുരങ്കത്തിലൂടെ കടത്തിവിട്ട എന്‍ഡോസ്‌കോപ്പിക് ഫ്‌ലെക്‌സി ക്യാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നല്‍കി. ദുരന്തമുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരിയുമായി നില്‍ക്കുന്ന തൊഴിലാളികളെ വീഡിയോയില്‍ കാണാം. സില്‍ക്യാര തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി 41 തൊഴിലാളികള്‍ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തിന് പുറത്ത് ക്യാമ്പ് ചെയ്യുന്ന ആശങ്കാകുലരായ ബന്ധുക്കള്‍ക്ക് ആശ്വാസം പകരുന്നതാണ് തൊഴിലാളികളുടെ ദൃശ്യങ്ങള്‍.