മലപ്പുറം- വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി മുസ് ലിം ലീഗ്. സംസ്ഥാനത്തെ 20 ലോകസഭ മണ്ഡലങ്ങളിലും പ്രത്യേകം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും. ഓരോ മണ്ഡലങ്ങളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഏകോപിപ്പിക്കാനും സംസ്ഥാന നേതാക്കൾക്ക് ചുമതല നൽകിയതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറത്ത് നടന്ന സംസ്ഥാന ഭാരവാഹികൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാർ, എം.എൽ.എമാർ എന്നിവരുടെ സംയുക്ത നേതൃ യോഗത്തിന് ശേഷം യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ ലീഗ് സജ്ജമാണ്. ഒരുക്കങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ 20 മണ്ഡലങ്ങളിലും പ്രത്യേക തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിക്കും. ഓരോ പാർലമെന്റ് മണ്ഡലങ്ങളിലേക്കും ഓരോ സംസ്ഥാന നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കൺവെൻഷനുകളിൽ ബൂത്ത് തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ബൂത്ത് തല കമ്മിറ്റികളും രൂപീകരിക്കും. താഴെ പറയുന്ന രീതിയിൽ മണ്ഡലം, തീയ്യതി, ചുമതല രീതിയിലാണ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുക. കാസർകോട് 15ന് (പാറക്കൽ അബ്ദുല്ല), കണ്ണൂർ 8ന് (അബ്ദുറഹിമാൻ കല്ലായി), വടകര 12ന് (ഉമ്മർ പാണ്ടികശാല), കോഴിക്കോട് 11ന് (എം.സി. മായിൻഹാജി, വയനാട് 23ന് (സി.പി ചെറിയമുഹമ്മദ്), മലപ്പുറം 16ന് (അബ്ദുറഹ്മാൻ രണ്ടത്താണി, ടി.വി. ഇബ്രാഹിം) പൊന്നാനി 15ന് (ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, തൃശൂർ 15ന് (സി.എച്ച്. റഷീദ്), ചാലക്കുടി 23ന് (പി.എം സാദിഖലി), എറണാംകുളം 16ന് (അഡ്വ. മുഹമ്മദ് ഷാ), കോട്ടയം 26ന് (സി.പി. സൈതലവി), പത്തനംതിട്ട 23ന് (അഡ്വ. എം. റഹ്മത്തുല്ല), കൊല്ലം 25ന് (യു.സി. രാമൻ), ആറ്റിങ്ങൽ 20ന് (പി. ഉബൈദുല്ല), തിരുവനന്തപുരം 25ന് (പി.കെ. ബഷീർ എം.എൽ.എ), പാലക്കാട് (അഡ്വ. എൻ. ശംസുദ്ദീൻ എം.എൽ.എ), ആലത്തൂർ (സി.എം.എ. കരീം), ഇടുക്കി (ടി.എം. സലീം), ആലപ്പുഴ (മഞ്ഞളാംകുഴി അലി), മാവേലിക്കര (ശ്യാംസുന്ദർ).