പ്രധാനമന്ത്രി ട്രെയിൻ ദുരന്തസ്ഥലത്ത്; പരുക്കേറ്റവരെ നേരിൽ കണ്ട് വിവരങ്ങൾ ആരാഞ്ഞു
ഭുവനേശ്വർ - രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിൻ ദുരന്തമുണ്ടായ സ്ഥലത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാവികസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബലാസോറിലെത്തിയത്.
കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണുകയാണിപ്പോൾ പ്രധാനമന്ത്രി. അപകടത്തെക്കുറിച്ച് പരുക്കേറ്റ ആളുകളിൽ നിന്ന് പ്രധാനമന്ത്രി നേരിട്ട് വിവരങ്ങൾ ആരാഞ്ഞു. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്ക് ഒരുക്കിയിരിക്കുന്നത്.
ബലാസോറിലെത്തിയ നരേന്ദ്ര മോഡിയെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
ദുരന്തത്തിൽ 261 മരണങ്ങളാണ് സ്ഥിരീകരിച്ചിരട്ടുള്ളത്. എന്നാൽ 300നടുത്ത് പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആയിരത്തോളം പേർക്ക് പരുക്കുമുണ്ട്. സിഗ്‌നൽ സംവിധാനത്തിലെ അപാകതകളാണ് ട്രെയിനുകൾ കൂട്ടിയിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.