എ.ഐ ക്യാമറ മനപ്പൂര്‍വം ഇടിച്ചുതകര്‍ത്തു, യുവാവ് അറസ്റ്റില്‍


പാലക്കാട്- വടക്കഞ്ചേരി റോഡിലെ ആയക്കാട്ട് റോഡ് ക്യാമറ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. പാലക്കാട് പുതുക്കോട് മൈത്താക്കല്‍ വീട്ടില്‍ മുഹമ്മദിനെ(22)യാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ടു പേര്‍കൂടി ഉണ്ടായിരുന്നുവെന്നണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വാഹനവും കസ്റ്റഡിയിലെടുത്തേക്കും.
തകര്‍ന്ന ക്യാമറയുടെ പരിസരത്തുനിന്നു ലഭിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അജ്ഞാത വാഹനം എഐ ക്യാമറ ഇടിച്ചു തകര്‍ത്തത്. ഇടിച്ചിട്ട ക്യാമറ തെറിച്ച് സമീപത്തെ തെങ്ങിന്‍ തോപ്പിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. സിദ്ദാര്‍ത്ഥ് എന്നാണ് വാഹനത്തിന്റെ തകര്‍ന്ന ഗ്ലാസില്‍ എഴുതിയിരുന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
ക്യാമറ സ്ഥാപിച്ച സ്ഥലം പിന്നിട്ട് കാര്‍ 60 മീറ്ററോളം മുന്നോട്ടുപോയശേഷം പിറകോട്ടെടുത്ത് ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ക്യാമറ തകര്‍ക്കാന്‍ ബോധപൂര്‍വം ഇടിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Previous Post Next Post
WhatsApp