തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന്റെ കേടായ എൻജിനു പകരം പുതിയ എൻജിൻ തിരൂരിൽ വച്ചു കൂട്ടിച്ചേർക്കുന്നു.
എൻജിൻ തകരാർ: ജനശതാബ്ദി തിരൂരിൽ കുടുങ്ങി; കുരുക്കിലായി യാത്രക്കാരും..
എൻജിൻ തകരാറിലായതിനെത്തുടർന്നു തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി ട്രെയിൻ തിരൂരിൽ കുടുങ്ങി. സ്റ്റേഷനിൽ നിർത്തിയ ശേഷം വീണ്ടും എടുക്കുന്നതിനിടെ എൻജിൻ നിശ്ചലമാകുകയായിരുന്നു. ഇതോടെ ട്രെയിൻ 2 മണിക്കൂറോളം ഇവിടെ നിർത്തിയിടേണ്ടി വന്നു. തുടർന്നു ഷൊർണൂർ ഭാഗത്തുനിന്ന് ഒരു എൻജിൻ എത്തിച്ചു ട്രെയിനിനെ പിറകോട്ടു വലിച്ചു.
പിന്നീട് മറ്റൊരു എൻജിൻ കോഴിക്കോട്ടു നിന്നെത്തിച്ചു മുൻവശത്തു പിടിപ്പിച്ചാണു യാത്ര തുടർന്നത്. പിന്നാലെ ഇവിടെയെത്തിയ മംഗളൂരു സെൻട്രൽ എക്സ്പ്രസും (16323) ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു. ഇതിനിടെ ഈ ട്രെയിനിനു കോഴിക്കോട്ടു ഭാഗത്തേക്കു പോകാൻ അനുവാദം കിട്ടിയതോടെ ജനശതാബ്ദിയിലെ കുറേ യാത്രക്കാർ ഇതിൽ കയറിപ്പോയി.
എഗ്മൂറിൽനിന്നു വന്ന മംഗളൂരു എക്സ്പ്രസും (16359) അര മണിക്കൂറോളം ഇവിടെ പിടിച്ചിട്ടു. കോഴിക്കോടെത്തി തിരിച്ചു 1.45നു തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ട ജനശതാബ്ദി 3നു ശേഷമാണ് അവിടെ നിന്നു പോന്നത്.