മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അധ്യക്ഷൻ മൗലാനാ റാബി ഹസനി നദ്‌വി അന്തരിച്ചു

മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അധ്യക്ഷൻ മൗലാനാ റാബി ഹസനി നദ്‌വി അന്തരിച്ചു

ലഖ്‌നൗ - ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അധ്യക്ഷനും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന മൗലാനാ റാബി ഹസനി നദ്‌വി (94) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
 രാജ്യത്തെ പ്രശസ്ത ഇസ്‌ലാമിക മതകലാലയമായ യു.പിയിലെ ലഖ്‌നൗ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ ചാൻസലറായിരുന്നു. ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി തലവനുമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ ശിഷ്യഗണങ്ങളുണ്ട്. വിഖ്യാത പണ്ഡിതനായിരുന്ന യശ്ശശരീരനായ അബുൽ ഹസൻ അലി നദ്‌വിയുടെ മരുമകനാണ്. അറബി ഭാഷാ രംഗത്തെ സംഭാവനകൾക്ക് ഇന്ത്യൻ കൗൺസിൽ ഉത്തർപ്രദേശ് അദ്ദേഹത്തെ അവാർഡ് നൽകി ആദരിച്ചു. അതേ വർഷം തന്നെ അറബി ഭാഷാ രംഗത്തെ സംഭാവനകൾക്ക് രാഷ്ട്രപതിയുടെ അവാർഡിനും അർഹനായി.

1929 ഒക്ടോബർ ഒന്നിന് റായ്ബറേലിയിലെ തകിയ കാലാനിൽ സയ്യിദ് റഷീദ് അഹ്മദ് ഹസനിയുടെയും ഉമ്മത്തുൽ അസീസിന്റെയും കുടുംബത്തിലാണ് ജനിച്ചത്. റായ്ബറേലിയിലെ കുടുംബ മക്തബിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958ൽ ലഖ്‌നൗവിലെ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ നിന്ന് ഫാസിലത്ത് പാസായി. 1957ൽ ദയൂബന്ദിലെ ദാറുൽ ഉലൂമിൽ ഒരു വർഷവും ഹിജാസിൽ 1950-51 വർഷവും വിദ്യാഭ്യാസത്തിനും ദഅ്‌വയ്ക്കുമായി ചെലവഴിച്ചു.
 1949ൽ പഠനം പൂർത്തിയാക്കിയ ശേഷം ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ അസിസ്റ്റന്റ് ടീച്ചറായി നിയമിതനായി. തുടർപഠനത്തിനും ഗവേഷണത്തിനുമായി 1950-1951 കാലഘട്ടത്തിൽ സൗദിയിൽ പോയി. 1952ൽ ലഖ്‌നൗവിലെ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായി. 1955ൽ നദ്‌വയിലെ അറബിക് ഡിപ്പാർട്ട്‌മെന്റ് തലവനായി.
  1993ൽ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ വൈസ് ചാൻസലറായി നിയമിതനായി. അബുൽ ഹസൻ അലി നദ്‌വിയുടെ മരണശേഷം 1999ൽ അദ്ദേഹം നദ്‌വയുടെ ചാൻസലറായി നിയമിതനായി, 2002 ജൂണിൽ ഹൈദരാബാദിൽ നടന്ന അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ സമ്മേളനത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ജപ്പാൻ, മൊറോക്കോ, മലേഷ്യ, ഈജിപ്ത്, ടുണീഷ്യ, അൾജീരിയ, ഉസ്‌ബെക്കിസ്ഥാൻ, തുർക്കി, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി അറബ്, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അറബിയിൽ 15 പുസ്തകങ്ങളും ഉർദുവിൽ 12 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സംഘടനകളിലും അദ്ദേഹം നിരവധി സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു.
 
Previous Post Next Post
WhatsApp