ഖസാക്കിൻ്റെ ഇതിഹാസം - പരപ്പനങ്ങാടിയിൽ ഇതിഹാസ നാടകത്തിന് അരങ്ങൊരുങ്ങുന്നു



ഖസാക്കിൻ്റെ ഇതിഹാസം - പരപ്പനങ്ങാടിയിൽ  ഇതിഹാസ നാടകത്തിന് അരങ്ങൊരുങ്ങുന്നു

ഹമീദ് പരപ്പനങ്ങാടി-

പരപ്പനങ്ങാടി: നോവൽ സാഹിത്യത്തിൽ അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഒ.വി വിജയൻ്റെ ഉജ്ജ്വലനോവൽ നാടകാവിഷ്കാരമായി പരപ്പനങ്ങാടിയിൽ അരങ്ങിലെത്തുന്നു. നാടകാസ്വാദകരും നാടക പ്രവർത്തകരും ചേർന്ന് രൂപം കൊടുത്ത "പരപ്പനാട് നാട്ടൊരുമ"യാണ് നാടകത്തിന് പരപ്പനങ്ങാടിയിൽ വേദിയൊരുക്കുന്നത്    ഏപ്രിൽ 29, 30 മെയ് 1 തിയതികളിൽ പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് നാടകാവതരണം
വൈകിട്ട് 7 മണി മുതൽ 10.30 വരെയാണ് ഓരോ പ്രദർശനവും

തൃക്കരിപ്പൂർ കുതിരപ്പന്തിമഠത്തിൽ കുഞ്ഞമ്പു സ്മാരക കലാസമിതിയുടെ നേതൃത്വത്തിൽ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കിയാണ് സംവിധായകൻ ദീപൻ ശിവരാമൻ ഓപ്പൺ തിയേറ്റർ അവതരണ രീതിയിൽ  രംഗഭാഷ്യമൊരുക്കുന്നത്     സ്റ്റേജും കർട്ടണുമില്ലാതെ മൂന്നും ചുറ്റും ഗാലറികളിലായി കാണികളെയിരുത്തി നടുവിലെ വിശാലമായ തട്ടിൽ കഥാപാത്രങ്ങൾ അരങ്ങത്ത് എത്തുന്ന രീതിയിലാണ് ഈ നാടകത്തിൻ്റെ രംഗസംവിധാനം.  മൂന്നര മണിക്കൂറോളം  സമയദൈർഘ്യമുള്ള നാടകത്തിൻ്റെ ചൂടും ചൂരും ആസ്വാദകർക്ക് അനുഭവഭേദ്യമാകുന്ന അവതരണമാണ് നാടകത്തെ വേറിട്ടതാക്കുന്നത്.
ഒ.വി വിജയൻ്റെ നോവലിലെ കഥാപാത്രങ്ങളായ
രവിയും, ശിവരാമൻ നായരും, അപ്പുക്കിളിയും, നൈജാമലിയും, മൈമൂനയും, മൊല്ലാക്കയും,
കുപ്പുവച്ചനും തുടങ്ങി
എഴുപത്തി രണ്ടോളം കഥാപാത്രങ്ങളുള്ള നോവലിൻ്റെ നാടകാവിഷ്കാരത്തിൽ അരങ്ങിലും അണിയറയിലുമായി  അൻപതോളം നാടക പ്രവർത്തകർ  പ്രവർത്തിക്കുന്നുണ്ട്. പരപ്പനങ്ങാടി നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായ കെ വി രാജീവൻ നാടകത്തിലെ നൈജാമലി എന്ന ഖാലിയാരായും
പെയിന്റ് പണിക്കാരനായ സുനി ദാര്‍ശനിക വ്യഥകള്‍ പേറുന്ന ആസ്‌ട്രോ ഫിസിക്‌സില്‍ ഗവേഷണം ചെയ്യുന്ന രവിയായും ഡോക്ടറായ താരിമ മൈമൂനയായി. പെയിന്റ് പണിക്കാരനായ അക്കാളത്ത് വിജയൻ മുങ്ങാങ്കോഴിയായി. ഇലക്ട്രീഷ്യനായ മനോജ് കൂട്ടാടന്‍ പൂശാരിയായി. അധ്യാപകനായ ലക്ഷ്മണന്‍ കുട്ടാപ്പു നരിയായി. സിമന്റ് പണിക്കാരാനായ കുട്ടന്‍ കുപ്പുവച്ചനായി. പെയിന്റിങ് തൊഴിലാളിയും ആര്‍ട്ടിസ്റ്റുമായ സുധീര്‍ മൊല്ലാക്കയായും വേഷമിട്ടെത്തുന്ന നാടകത്തിൽ  തൃക്കരിപ്പൂർ ഗ്രാമം ഒന്നടങ്കം ഖസാക്കിൻ്റെ ഇതിഹാസത്തിലെ രംഗഭാഷയിലണിനിരക്കുന്നുണ്ട്
ഇതുവരെ 54 വേദികൾ പിന്നിട്ട ഇതിഹാസ നാടകത്തിൻ്റെ മലപ്പുറം ജില്ലയിലെ ആദ്യ അവതരണമാണ് പരപ്പനങ്ങാടിയിലേത്.
ഒൺലൈനിലും നേരിട്ടും ലഭിക്കുന്ന പ്രവേശന പാസ് മുഖാന്തിരമാണ് നാടകപ്രദർശനം
നടക്കുന്നതെന്ന് പരപ്പനാട് നാട്ടൊരുമ  സംഘാടക സമിതി ചെയർമാൻ എ.വി വിനോദ് ,ജനറൽ കൺവീനർ മുഹമ്മദ് ഹസ്സൻ കെ.വി, രജീന്ദ്രൻ. പി, രാജീവൻ കെ.വി, ബൈജു. കെ
തുടങ്ങിയവർ
വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Previous Post Next Post
WhatsApp