മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി AIKMCC സംഘടിപ്പിക്കുന്ന സമൂഹ വിവാഹ ചടങ്ങ്
ചരിത്രത്തിന്റെ സാഗരതീരത്ത് പച്ചയണിഞ്ഞ് ചെന്നൈ, മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിക്ക് തുടക്കം.
ചെന്നൈ- ചരിത്രത്തിന്റെ ഓർമ്മ പറ്റി ഹരിത സാഗരമായി ചെന്നൈ. മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനായി നിരവധി പ്രതിനിധികൾ എത്തി തുടങ്ങി. സൗദി അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നുളള പ്രതിനിധികളും ചെന്നൈയിലെത്തി. നാളെ (വ്യാഴം) കലൈവാണം അരങ്കം ദേശീയ പ്രതിനിധി സമ്മേളനത്തിന് സാക്ഷിയാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇതോടെ തുടക്കമാകും. മതേതര ചേരിയുടെ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകും. രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, തൊഴിലാളികൾ, കർഷകർ എന്നിവരുടെ പങ്ക്, ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനിൽപിന്റെയും ഏഴര പതിറ്റാണ്ട് എന്നീ പ്രമേയങ്ങളാണ് പ്രതിനിധി സമ്മേളനം ചർച്ച ചെയ്യുക.
മാർച്ച് 10ന് രാവിലെ ചരിത്രമുറങ്ങുന്ന രാജാജി ഹാളിൽ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. പുതിയ കാലത്തിന്റെ പോരാട്ടങ്ങളുടെ നിയോഗമേറ്റെടുത്ത് പ്രതിനിധികൾ പ്രതിജ്ഞ ചെയ്യുന്നതാണ് ചടങ്ങിന്റെ മുഖ്യ ആകർഷണം. തമിൾ, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളിൽ പ്രതിജ്ഞ നടക്കും. തുടർന്ന് വൈകിട്ട് ഓൾഡ് മഹാബലിപുരം റോഡിലെ വൈ.എം.സി.എ സ്‌റ്റേഡിയത്തിൽ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറിൽ മഹാറാലി നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ റാലിയിൽ മുഖ്യാതിഥിയാകും. തമിഴ്‌നാട്ടിലെ വോളണ്ടിയർമാർ അണിനിരക്കുന്ന ഗ്രീൻഗാർഡ് പരേഡിനും സമ്മേളന നഗരി സാക്ഷിയാകും.സമ്മേളനത്തോടനുബന്ധിച്ചുള്ള സമൂഹവിവാഹം ഇന്ന് നടന്നു. നിരവധി പേര്‍ വിവാഹിതരായി.