കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യം

കൊച്ചിയില്‍ പെയ്ത ആദ്യ വേനല്‍മഴത്തുള്ളികളില്‍ ആസിഡ് സാന്നിധ്യം. ലിറ്റ്മസ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണ വിശദാംശങ്ങളുമായി ശാസ്ത്രനിരീക്ഷകന്‍ രാജഗോപാല്‍ കമ്മത്താണ് ആസിഡ് മഴയുണ്ടായെന്ന് വിശദീകരിക്കുന്നത് . ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആസിഡ് മഴയുണ്ടായേക്കുമെന്ന് നേരത്തെ മലിനീകരണ നിയന്ത്രണബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

അത്ര കനത്ത മഴയല്ല പെയ്തത്. പക്ഷെ കൊച്ചിയില്‍ പെയ്ത ആദ്യ മഴത്തുള്ളികളില്‍ നേര്‍ത്ത സള്‍ഫ്യൂറിക് ആസിഡിന്റെ സാന്നിധ്യമുണ്ട്. വൈറ്റിലയിലെ മഴത്തുള്ളികളില്‍നിന്ന് ലിറ്റ്മസ് പേപ്പറിലെ പരിക്ഷണത്തിലൂടെയാണ് ശാസ്ത്രനിരീക്ഷകന്‍ രാജഗോപാല്‍ കമ്മത്ത് ഇത് പറയുന്നത്. കൊച്ചി വ്യവസായ കേന്ദ്രമാണെന്നതിന് അപ്പുറം ബ്രഹ്മപുരത്തുനിന്ന് പുറപ്പെട്ട സള്‍ഫര്‍ ഡയോക്സൈഡും നൈട്രജന്‍ ഒാക്സൈഡുകളും അടക്കം വായുമണ്ഡലത്തിന്റെ താഴെയുള്ള ട്രോപോസ്ഫിയറില്‍  എത്തുകയും ജലവുമായി ഒത്തുചേര്‍ന്ന് അമ്ളമായി തിരിച്ചുവരുകയും ചെയ്യുന്നതാണ് ആസിഡ് മഴയെന്ന യാഥാര്‍‍ഥ്യം. രാസബാഷ്പ കണികകള്‍ക്ക് പുറമെ സള്‍ഫേറ്റ് , നൈട്രേറ്റ്, ക്ളോറൈഡ്, കാര്ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പി.എം. 10 കരിമാലിന്യത്തിന്റെ അളവും കൂടി. 

ഭയപ്പെടേണ്ട കാര്യമില്ലെങ്കിലും സൂക്ഷിക്കണം. എറണാകുളത്തെയും സമീപ ജില്ലകളിലെയും ശുദ്ധജല ശ്രോതസ്സുകളെയും ജലാശയങ്ങളിലെ മല്‍സ്യസമ്പത്തിനെയും ഇപ്പോഴത്തെ മഴ പ്രതികൂലമായി ബാധിച്ചേക്കാമെന്നതിന് പുറമെ ത്വക് രോഗങ്ങള്‍ക്ക് അടക്കം സാധ്യതയുമുണ്ട്. 
Previous Post Next Post
WhatsApp