തിരൂരങ്ങാടി നഗരസഭയില്‍ നീന്തല്‍ കുളങ്ങള്‍ നിര്‍മിക്കുന്നു.
വെഞ്ചാലി കാപ്പ്, പുളിഞ്ഞിലം. സമൂസകുളം അമൃത് പദ്ധതിയില്‍ അംഗീകാരം
തിരൂരങ്ങാടി നഗരസഭയില്‍ കാര്‍ഷികാവശ്യത്തിനും ജലസംരക്ഷണത്തിനും നീന്തലിനുമായി കുളങ്ങള്‍ നിര്‍മിക്കുന്നു. അമൃത് മിഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നഗരസഭയുടെ നിരന്തര ശ്രമഫലമായി വിവിധ കുളങ്ങള്‍ക്ക് അമൃത് മിഷന്‍ സംസ്ഥാന സാങ്കേതിക സമിതി യോഗം അംഗീകാരം നല്‍കി. വെഞ്ചാലി കാപ്പ്, പുളിഞ്ഞിലം. സമൂസകുളം എന്നിവയുടെ നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം തയ്യാറാക്കിയ ഡി.പി.ആറുകള്‍ യോഗം അംഗീകരിച്ചു. സംസ്ഥാന ഉന്നത തല സാങ്കേതിക സമിതി യോഗത്തില്‍ നഗരസഭയെ പ്രതിനിധീകരിച്ച് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പങ്കെടുത്തു. സാങ്കേതികാനുമതി ലഭിക്കുന്നതോടെ ടെണ്ടര്‍ ക്ഷണിക്കും. അടുത്ത മാസത്തോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം നിര്‍മാണം തുടങ്ങിയ ചുള്ളിപ്പാറ ബാവുട്ടി ചിറ കുളത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ തയ്യാറാക്കിയ നീര്‍ത്തട വികസന പദ്ധതിയില്‍ മറ്റു കുളങ്ങളുടെയും തോടുകളുടെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. കുളങ്ങള്‍ക്ക് അംഗീകാരമായത് കാര്‍ഷിക ജലസംരക്ഷണ മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു.നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വയല്‍യാത്രയില്‍ കര്‍ഷകരുടെ ആവശ്യമായിരുന്നു കുളങ്ങളുടെ നിര്‍മാണവും വികസനവും. ഇതിന്റെ ഭാഗമായി നഗരസഭ വിശദമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. മറ്റു കുളങ്ങളുടെ പദ്ധതികളും സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ആശ്വാസമാണ് കുളങ്ങളുടെ നിര്‍മാണം. വെഞ്ചാലി കാപ്പ് നവീകരണം വെഞ്ചാലി മേഖലയിലെ കര്‍ഷകര്‍ക്കും കുടിവെള്ളത്തിനും പകരുന്ന ആശ്വാസം വലുതായിരിക്കും. വിശാലമായ പുളിഞ്ഞിലത്ത് ഏറെ കാലമായി കുളം നിര്‍മിക്കാന്‍ ആവശ്യമുയരുന്നു. കര്‍ഷകരുടെ പ്രധാന ആവശ്യമാണിത്. കാര്‍ഷിക ആവശ്യത്തിനൊപ്പം നിരവധി പേരെ ആകര്‍ഷിക്കുന്നതാണ് സമൂസകുളം. നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, എം സുജിനി, ഇ.പി ബാവ. വഹീദ ചെമ്പ. ടി മനോജ്കുമാര്‍, ഇ.എസ് ഭഗീരഥി ,സി, ഇസ്മായിൽ സംസാരിച്ചു.