മലപ്പുറം: കോട്ടയ്ക്കലില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് അപകടം. രണ്ടു തൊഴിലാളികള്‍ കുടുങ്ങി. ഇതിലൊരാളെ മൂന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ ആള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുയാണ്. കിണര്‍ കൂടുതല്‍ ഇടിയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അഹദിനെയാണ് പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ ഇദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ ആശങ്കയില്ലെന്നാണ് കരുതുന്നത്. മണ്ണിനടിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് കാലിന് പരിക്കേറ്റിട്ടുണ്ട്.
എടരിക്കോട് സ്വദേശിയായ അക്ബറാണ് കിണറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കോട്ടയ്ക്കല്‍ കുര്‍ബാനിയിലാണ് അമ്പതടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞുവീണത്.
വീടിനോട് ചേര്‍ന്ന് പണി നടക്കുന്ന കിണര്‍ ഇടിയുകയായിരുന്നു. ജോലിക്കെത്തിയ തൊഴിലാളികള്‍ കിണറിലേക്ക് ഇറങ്ങുമ്പോഴാണ് വശങ്ങളിലെ മണ്ണിടിഞ്ഞത്. ഉടനെ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും രണ്ടുപേരേയും പുറത്തേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഫയര്‍ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്...