video 🎥 മലപ്പുറത്ത് യൂത്ത് ലീഗ് മാർച്ചിനു നേരെ ലാത്തിച്ചാർജ്, നിരവധി പേർക്ക് പരിക്ക്


മലപ്പുറത്ത് യൂത്ത് ലീഗ് മാർച്ചിനു നേരെ ലാത്തിച്ചാർജ്, നിരവധി പേർക്ക് പരിക്ക്


മലപ്പുറം- ഇടതുസർക്കാരിന്റെ ബജറ്റിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തുടർപ്രക്ഷോഭങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ മാർച്ച് സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുസ്്തഫ അബ്ദുൽ ലത്തീഫ് ഉൾപ്പെടെ നിരവധി യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്. ഇവരെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരമണിയോടെയാണ് മാർച്ച് ആരംഭിച്ചത്. നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് കലക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ പോലീസ് തടഞ്ഞു. സമാധാനപരമായി ആരംഭിച്ച ഉദ്ഘാടന പരിപാടി  മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന, ജില്ലാ നേതാക്കളും യൂത്ത് ലീഗ് നേതാക്കളും പ്രസംഗിച്ചു. അതിനു ശേഷമാണ് സംഘർഷം ഉടലെടുത്തത്. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് തടയുകയായിരുന്നു. ഇതാണ് ആക്രമത്തിനിടയാക്കിയത്.





എന്നാൽ നിരായുധരായി സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ  ക്രൂരമായി പോലീസ് തല്ലിച്ചതക്കുകയായിരുന്നുവെന്നു നേതാക്കൾ പറഞ്ഞു. പ്രവർത്തകരെ ലാത്തി കൊണ്ടു അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തലക്കും കാലിനും പരിക്കേറ്റ പ്രവർത്തകർ നിലത്തു വീണു. സഹപ്രവർത്തകരെത്തിയാണ് പരിക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. സമരങ്ങളെ അടിച്ചൊതുക്കുക എന്ന പിണറായി സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഇത്തരത്തിലൊരു അക്രമമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഒരു പ്രകോപവുമില്ലാതെ ജനകീയ വിഷയങ്ങൾ മാത്രം ഉയർത്തിയാണ് മാർച്ച് നടന്നത്. ഇതു കൊണ്ടൊന്നും സമരത്തിൽ നിന്നും തോറ്റു പിൻമാറില്ലെന്നും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും യൂത്ത് ലീഗ് നേതാക്കൾ പ്രതികരിച്ചു. സമരത്തിനു നേതൃത്വം നൽകി എന്നതിന്റെ പേരിൽ മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, എം.എസ്.എഫ്് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ. വഹാബ്, എ.പി. സബാഹ്, പത്തിൽ സിറാജ്, നവാഷിദ് ഇരുമ്പുഴി, അഖിൽ കുമാർ ആനക്കയം, റഷീദ് വല്ലാഞ്ചിറ, സുബൈർ മൂഴിക്കൽ, സാജിദ് വാലഞ്ചേരി, മുഹമ്മദ് നബീൽ സിയാംകണ്ടം, തസ്ഫീർ കോട്ട, ഇംതിയാസ് മുരിങ്ങാതോടൻ, ശഫീഖ് മലയിൽ മീനാർകുഴി എന്നിവരെ റിമാന്റ് ചെയ്തു. 
Previous Post Next Post
WhatsApp