സംസ്ഥാന ബജറ്റിൽ സമസ്ത മേഖലയിലും നികുതി വർധനവിന് സാധ്യത


സംസ്ഥാന ബജറ്റിൽ സമസ്ത മേഖലയിലും നികുതി വർധനവിന് സാധ്യത

തിരുവനന്തപുരം- സാമ്പത്തികമേഖല തകർന്നുതരിപ്പണമായിരിക്കേ സംസ്ഥാന ബജറ്റിൽ വരുമാന വർധനവിന് കണ്ണടച്ചുള്ള നടപടികളുണ്ടായേക്കും. ഇക്കാര്യം ധനമന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് കണ്ടെത്തിയിരുന്നു. അതുകൂടി പരിഗണിച്ചായിരിക്കും ബജറ്റ് തയ്യാറാക്കുക. ഫെബ്രുവരി മൂന്നിനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അടുത്ത വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുക.
ബജറ്റിൽ ക്ഷേമ പെൻഷനുകളിൽ വർധനയുണ്ടാകില്ല. ഒട്ടുമിക്ക നികുതികളിലും വർധനവുണ്ടാകും. ഭൂനികുതി, സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ, വിവിധ പാസുകൾ, ലൈസൻസ് ഫീസുകൾ തുടങ്ങിയവ വർധിപ്പിച്ചേക്കും. 
ബജറ്റിലൂടെ നികുതി വരുമാനം വർധിപ്പിച്ച് ഭാരം ജനങ്ങളുടെ മേൽ വന്നുവീഴും. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ഉയർത്താനും സാധ്യതയുണ്ട്. കിഫ്ബി വഴി പുതിയ പദ്ധതികൾ ഉണ്ടാകാനിടയില്ല.
ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കാനാകുന്ന രജിസ്‌ട്രേഷൻ വകുപ്പിൽ കൂടുതൽ ഇടപെടൽ നടത്തിയേക്കും. ഭൂമിയുടെ അടിസ്ഥാന വിലവർധിപ്പിച്ച് ന്യായവില പുനർനിർണയിക്കാനിടയുണ്ട്. 10 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ രജിസ്‌ട്രേഷൻ ഫീസ്, പ്രമാണ ഫീസ് തുടങ്ങിയവയിൽ വർധനവ് ഉണ്ടാവും. റവന്യൂ വകുപ്പിലെ ഫീസുകളിൽ വർധനവ് വരുത്താനും നീക്കം നടത്തുന്നുണ്ട്. നിലവിലെ ഭൂനികുതി കുറവായതിനാൽ അത് വർധിപ്പിക്കണമെന്ന നിർദേശവും മുന്നിലുണ്ട്. വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുകയാണെങ്കിൽ അതിന് പ്രത്യേക നികുതി ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവന ഫീസുകളും ലൈസൻസ് ഫീസുകളും വർധിപ്പിക്കാനും നീക്കമുണ്ട്. വെള്ളക്കരം വർധിപ്പിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി നിരക്ക് വർധനവും പരിഗണനയിലാണ്. രാത്രിയും പകലും പ്രത്യേകം നിരക്കുകൾ ഈടാക്കാനാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. ടൂറിസം, ഫോറസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ഫീസുകൾ വർധിപ്പിക്കണമെന്ന് വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിലും ബജറ്റിൽ തീരുമാനമുണ്ടാകും. കൂടാതെ മോട്ടോർവാഹന വകുപ്പിന്റെ ഫീസുകളിൽ വർധനവും പരിഗണിക്കുന്നുണ്ട്. പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്താനും ആലോചനയുണ്ട്. പ്രളയ സെസ് ഏർപ്പെടുത്തിയിരുന്നത് നേരത്തെ പിൻവലിച്ചിരുന്നു. അതിൽ വലിയ വരുമാന കുറവ് വന്നിരുന്നു. അത് നികത്താനാണ് ആലോചന. 


സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ധവളപത്രത്തിലും സാമ്പത്തിക സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നാലു ലക്ഷം കോടി കടക്കെണിയിലായ കേരളത്തിൽ ഓരോ പൗരന്റെയും ബാധ്യത 1.14 ലക്ഷം രൂപയാണ്. ക്ഷേമപദ്ധതികൾക്ക് പോലും പണം നൽകാനാകാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ നികുതി, ഫീസുകൾ വർധിപ്പിച്ച് വരുമാന വർധനവിന്റെ ഭാരം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാനാണ് നീക്കം. 
Previous Post Next Post