കൊച്ചിയില്‍ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമര്‍ദനം; അഞ്ച് സ്വിഗ്ഗി വിതരണക്കാര്‍ അറസ്റ്റില്‍
കൊച്ചി: ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ അറസ്റ്റില്‍. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയില്‍ ജോലിചെയ്യുന്ന അഞ്ചുപേരെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വിഗ്ഗി വിതരണക്കാരും മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഫ്‌ളാറ്റിലേക്ക് കയറ്റിവിട്ടില്ലെന്ന് ആരോപിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഈ സംഭവത്തില്‍ സ്വിഗ്ഗി വിതരണക്കാരുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സെക്യൂരിറ്റി ജീവനക്കാരനെ സ്വിഗ്ഗി വിതരണക്കാര്‍ തിരഞ്ഞുപിടിച്ചെത്തി മര്‍ദിച്ചത്.
നേരത്തെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മറ്റൊരു ഫ്‌ളാറ്റിലായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്‍ ജോലിചെയ്തിരുന്നത്. ഇവിടേക്ക് അന്വേഷിച്ചെത്തിയാണ് സ്വിഗ്ഗി വിതരണക്കാര്‍ ഇയാളെ മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നേരത്തെയുണ്ടായ തര്‍ക്കവും ഇതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യവുമാണ് മര്‍ദനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.