മലപ്പുറം- ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിച്ചപ്പോള്‍ നിരവധി പക്ഷികളും കുഞ്ഞുങ്ങളും ചത്ത സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മരം മുറിച്ചുമാറ്റിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ജാര്‍ഖണ്ഡ് സ്വദേശി വികാസ് കുമാര്‍ രാജക്, മരം മുറിച്ച തൊഴിലാളി തമിഴ്നാട് സേലം കൂത്തുമുട്നേല്‍ മഹാലിംഗം, സൂപ്പര്‍വൈസര്‍ കോയമ്പത്തൂര്‍ ലക്ഷ്മി അമ്മാള്‍ ഇല്ലം എന്‍. മുത്തുകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റോഡ് പണിയുടെ എന്‍ജിനീയര്‍ തെലങ്കാന വാറങ്കല്‍ പട്ടായ്പക സ്വദേശി നാഗരാജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
വിഡിയോ കാണാം.
സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. അതിനിടെ വീഴ്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണെന്നും മരം മുറിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും മനേക ഗാന്ധി കുറ്റപ്പെടുത്തി.
തിരൂരങ്ങാടിക്ക് സമീപം വി കെ പടിയില്‍ ബുധനാഴ്ചയാണ് സംഭവം. ദേശീയ പാത വികസനത്തിന് വേണ്ടിയായിരുന്നു മരം മുറിച്ചു നീക്കിയത്. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റോഡരികിലെ മരം ജെ. സി. ബി ഉപയോഗിച്ച് മുറിച്ചു നീക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വന്നതോടെയാണ് സംഭവം പൊതുജനശ്രദ്ധയിലെത്തിയത്.
മലപ്പുറം മേലാറ്റൂരിലും വനം വകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിച്ചു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉപ കരാറുകാരനെതിരെ കേസെടുത്തതായി വനം വകുപ്പ് അറിയിച്ചു.