ഒഡീഷയ്ക്ക് മുകളില്‍ ന്യൂനമര്‍ദം; കേരളത്തില്‍ അഞ്ച് ദിവസം വ്യാപക മഴ, പൊന്മുടി ഡാം തുറക്കും #news #rain

തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ചയും ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചു.


തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറില്‍ ഗുജറാത്ത് തീരത്തു ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.
Previous Post Next Post
WhatsApp