മലപ്പുറം | മൗലാനാ കെ എ സ്വമദ് മൗലവി മണ്ണാർമലയുടെ ദേഹവിയോഗത്തോടെ ഒഴിവു വന്ന കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ ട്രഷറർ സ്ഥാനത്തേക്കു പരപ്പനങ്ങാടി ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങളെ തെരെഞ്ഞെടുത്തു. ജംഇയ്യതുൽ ഉലമാ പ്രസിഡന്റ് മൗലാനാ യു അബ്ദുർറഹീം മൗലവി കിടങ്ങഴി ആദ്ധ്യക്ഷ്യം വഹിച്ചു. സീനിയർ സെക്രട്ടറി മൗലാനാ സി കെ മുഹമ്മദ് അസ്ഗർ മൗലവി ചെറുകര യോഗം ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി മൗലാനാ എ നജീബ് മൗലവി മമ്പാട്, വൈസ് പ്രസിഡന്റുമാരായ മൗലാനാ കെ കെ കുഞ്ഞാലി മുസ്‌ലിയാർ ചേലക്കാട്, മൗലാനാ സുലൈമാൻ മുസ്‌ലിയാർ വെളിമണ്ണ, മറ്റു മുശാവറ അംഗങ്ങൾ സംബന്ധിച്ചു.
സയ്യിദ് അലി മുത്തുക്കോയ തങ്ങളുടെയും ഇമ്പിച്ചി ബീവിയുടെയും മകനായി 1955 ജൂൺ 11നാണു സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ ജനനം. പ്രാഥമിക പാഠങ്ങൾ പിതാമഹൻ ഖാളി സയ്യിദ് ഹാശിം ചെറുകോയ തങ്ങളിൽ നിന്നു കരസ്ഥമാക്കിയ തങ്ങൾ ദർസീ രംഗത്തു പിതൃസഹോദരൻ ഖാളി പനയത്തിൽ സയ്യിദ് ഹുസൈൻ കുഞ്ഞി തങ്ങൾ, ശൈഖുൽ ഉലമാ എൻ കെ ഉസ്താദ് എന്നിവരിൽ നിന്നാണ് ഇൽമു നുകർന്നത്.
ഉപരിപഠനാർത്ഥം വണ്ടൂർ ജാമിഅ വഹബിയ്യയിൽ ചേര്‍ന്നു. ശൈഖുനാ താജുൽ ഉലമാ, ശൈഖുനാ ഉണ്ണി ഉസ്താദ് കാവനൂർ, മൗലാനാ നജീബ് ഉസ്താദ്, തൃക്കലങ്ങോട് അബ്ദുൽ അസീസ് മൗലവി എന്നിവരാണു ജാമിഅയിലെ ഗുരുനാഥന്മാർ.
1984ൽ വഹബി ബിരുദധാരിയായി സേവന രംഗത്തിറങ്ങിയ തങ്ങൾ പുറമേരിയിൽ മുദർരിസായി സേവനമാരംഭിച്ചു. 2009ൽ സയ്യിദ് കുഞ്ഞി തങ്ങളുടെ വഫാത്തോടെ പരപ്പനങ്ങാടി ഖാളി സ്ഥാനത്തു നിയമിതനായപ്പോഴാണ് അവിടെ നിന്നു പിരിഞ്ഞത്. പരപ്പനങ്ങാടി വലിയ ജുമുഅത്തു പള്ളി ആസ്ഥാനമായി ജനങ്ങൾക്കു ദീനീ നേതൃത്വം നല്കിയ പരപ്പനങ്ങാടി ഖാളിമാരുടെ പിൻഗാമിയായി നിലവിൽ തദ്സ്ഥാനത്തു സേവനമനുഷ്ഠിക്കുന്നതോടൊപ്പം കേരള സുന്നീ ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റു പദവിയും വഹിക്കുന്നു.
