കെ ഫോണിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് (ഐഎസ്പി) ലഭിച്ചു:



 ഇതോടെ ഏതു വ്യക്തിക്കും സ്ഥാപനത്തിനും ഇന്റർനെറ്റ് കണക്‌ഷൻ നൽകാനുള്ള നിയമപരമായ അധികാരം കെ ഫോണിനുണ്ടാകും. അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേ​ന്ദ്ര ടെലിക്കോം മന്ത്രാലയമാണ് അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലിക്കോം മന്ത്രാലയവുമായി ലൈസൻസ് ധാരണാപത്രം ഒപ്പിട്ടു.

ധാരണാപത്രം ഒപ്പിട്ടതോടെ ടെലികോം കമ്പനികളിൽനിന്നു ബാന്‍ഡ് വിഡ്ത് വാങ്ങി, നിരക്ക് ഈടാക്കി സേവനം നൽകാനാകും. ഇനിയും സാങ്കേതിക കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാകാനുണ്ട്. അതെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കി കണക്ഷന്‍ നല്‍കുന്നതടക്കമുള്ളവ ഉടന്‍ നടപ്പിലാക്കാമെന്ന പ്രതീക്ഷയിലാണ് കെ ഫോണ്‍ അധികൃതര്‍. ഒരു വർഷത്തേക്കു ബാൻഡ് വിഡ്ത് ലഭ്യമാക്കാനുള്ള ടെൻഡറിൽ ബിഎസ്എൻഎൽ ആണ് ഒന്നാമത് എത്തിയത്. അഞ്ച് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്.

കെ-ഫോൺ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഐഎസ്പി കാറ്റഗറി ബി ലൈസൻസ് ഒരു സർവീസ് മേഖലാപരിധിക്കകത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ നൽകാനുള്ള പ്രവർത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സർവീസ് മേഖലാ പരിധിക്കകത്ത് ഇന്റർനെറ്റ് സേവനസൗകര്യങ്ങൾ നൽകാൻ കെ-ഫോണിന് ഇനി സാധിക്കും. ഇതിന്റെ ആദ്യപടിയെന്നോണം കെ-ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് കഴിഞ്ഞയാഴ്ച കേന്ദ്രം അനുവദിച്ചിരുന്നു.
Previous Post Next Post
WhatsApp