തിരൂരങ്ങാടി | തിരൂരങ്ങാടിയിൽ ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ബസിൽ നിന്ന് തെറിച്ചു വീഴുന്നത് തുടർകഥയാകുന്നു. സ്‌കൂളിലേക്കും തിരിച്ചും സ്വകാര്യ ബസുകളിൽ കൺസഷൻ നിരക്കിൽ ബസ് സർവീസ് ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ അവകാശമാണ്. എന്നാൽ ചില ബസ് ജീവനക്കാരിൽ നിന്നും വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന സമീപനം വളരെ മോശമാണ്.വിദ്യാർഥികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് ജീവനക്കാരുടെ പെരുമാറ്റം.
കഴിഞ്ഞ ആഴ്ച്ചയിൽ തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ശ്രീലക്ഷ്മിക്ക് ബസിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റത്. തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന് മുൻപിലെ ബസ്സ്റ്റോപ്പിൽ വെച്ചായിരുന്നു അപകടം.
വീഡിയോ കാണാം👇 https://youtu.be/4B33CPe56sE
കുട്ടി ബസിൽ കയറികഴിയുമെന്നതിന് മുൻപേ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. ഈഅടുത്തകാലത്തായി ഇത്തരത്തിൽ ഈബസ്സ്റ്റോപ്പിൽ അപകടം സംഭവിക്കുന്നത് മൂന്നാംതവണയാണ്..
അപകടം ഉണ്ടാകുമ്പോൾ ബസ് കസ്റ്റഡിയിൽ എടുക്കുന്ന മോട്ടോർ വാഹന വകുപ്പ് നിസാര വകുപ്പുകൾ ചുമത്തി തുടർ നടപടി അവസാനിപ്പിക്കുന്ന പ്രവണതയാണ് തുടരുന്നത്. അതുകൊണ്ടാണ് ഒരേ സ്ഥലത്ത് തുടർച്ചായി അതേ അപകടങ്ങൾ അവർത്തിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിലും സമാനമായ സംഭവത്തിൽ ബസ്സിൽ നിന്നും വിദ്യാർത്ഥി താഴെവീണിരുന്നു. കുട്ടി വീഴുന്നത് കണ്ട് ആളുകൾ ബഹളം വെക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ട് ബസ്സ് ഉടൻ നിറുത്തിയതിനാലാണ് അന്ന് തലനാഴികക്ക് വിദ്യാർത്ഥി അപകടത്തിൽ നിന്നും രക്ഷപെട്ടത്. രണ്ടു വർഷം മുൻപും സമാനമായ രീതിയിൽ ഇവിടെ വിദ്യാർത്ഥി ബസിൽനിന്ന് വീണിരുന്നു. വളരെ പെട്ടന്ന് ഒഴിഞ്ഞ് മാറിയതിനാലാണ് അപകടത്തിൽനിന്നും വിദ്യാർത്ഥി അന്ന് രക്ഷപെട്ടത്.
ബസിൽ കയറുമ്പോൾ വിദ്യാർത്ഥികൾ താഴെ വീഴുന്നത് ഇവിടെ തുടർ കഥയാണ്. ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിയുമ്പോഴോ, വീണ് പരിക്കേൽക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ആളുകൾ അറിയുന്നത്.
തിരൂരങ്ങാടിയിൽ സ്‌കൂൾ വിദ്യാർഥികളോട് ചില സ്വകാര്യബസുകൾ കടുത്ത അവഗണനയാണ് തുടരുന്നത്. മാസങ്ങൾക്ക് മുൻപ് തിരൂരങ്ങാടിയിൽ വിദ്യാർഥികളെ കയറ്റാതെ ബസ് മുന്നോട്ട് എടുക്കുന്ന ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നിട്ടും ബസ് ജീവനക്കാർക്കെതിരെ കാര്യമായി നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.
ആറു വര്‍ഷം മുൻപ് തൃക്കുളം ഗവൺമെൻറ് ഹൈസ്‌കൂളിലെ വിദ്യാർഥിനി ചെമ്മാട് കൊടിഞ്ഞി റോഡ് ജങ്ഷനിൽ നിന്ന് ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തത് കാരണം താഴെവീണ് പിൻചക്രം കയറി മരിച്ചിരുന്നു. അന്നും ഒന്ന് രണ്ടു ദിവസം ഒച്ചയും ബഹളവും ഉണ്ടായി എന്നല്ലാതെ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മറ്റു തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
അപകടം നടന്ന് കഴിഞ്ഞതിന് ശേഷം വാഹനം കസ്റ്റഡിയിൽ എടുത്ത് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചു എന്ന് പറഞ് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ഉദ്യോഗസ്ഥ ബസ് യൂണിയൻ കുട്ട് കെട്ടാണ് ഇതിന് കാരണം.
വിദ്യാർത്ഥികള്‍ക്കുള്ള അപകട ഭീഷണിയോ യാത്രാപ്രശ്നങ്ങള്‍ക്കോ താത്ക്കാലിക പരിഹാരമാല്ല, ശാശ്വതമായ പരിഹാരമാണ് ഉണ്ടാവേണ്ടത് എന്നാവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ മാർച്ചിൽ തിരൂരങ്ങാടി റീജിനൽ ജോയിൻ ട്രാൻസ്പോർട്ട് ഓഫീസർക്ക് പരാതി കൊടുത്തിരുന്നെങ്കിലും നടപടി എടുക്കുകയോ പരാതിക്ക് മറുപടി തരിക പോലും ചെയ്യാത്തതിനാൽ ട്രാൻസ്പോർട്ട് മിനിസ്റ്റർക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും ശാശ്വത പരിഹാരത്തിനായി പരാതി കൊടുത്തിരിക്കുകയാണ് മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതിയുടെ ഭാരവാഹികളായ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പ്രസിഡൻറ് അഷറഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽഎന്നവർ പറഞ്ഞു.
