കൊടൈക്കനാല്‍ | രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടംഗ ആനക്കൊമ്പ് കടത്തുസംഘം തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുല്‍ റഷീദ്, തൃശൂര്‍ സ്വദേശി സിബിന്‍ തോമസ് എന്നിവരാണ് സംഘത്തിലെ മലയാളികള്‍. കാരയ്ക്കല്‍, മധുര, കൊടൈക്കനാല്‍, ഡിണ്ടിഗല്‍ സ്വദേശികളാണ് മറ്റു പ്രതികള്‍. രണ്ട് ആനക്കൊമ്പും നാടന്‍ തോക്കും ഇവരില്‍ നിന്ന് പിടികൂടി.
ആനക്കൊമ്പും നാടൻ തോക്കും ഇവരിൽ നിന്ന് പിടികൂടി. തിരിച്ചിറപള്ളിയിൽ നിന്ന് എത്തിച്ച ആനക്കൊമ്പ് മലയാളികൾക്ക് വിൽക്കാനുള്ള ശ്രമത്തിനിടെ ആണ് സംഘം പിടിയിലായത്. രഹസ്യവിവരം കിട്ടി എത്തിയ കൊടൈക്കാനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികൾ വ്യാപാരത്തിനായി ഒത്തുചേർന്ന ഹോട്ടൽ വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.
ഇവരിൽ നിന്നും കൊമ്പുകൾ, നാടൻ തോക്ക്, കേരള, തമിഴ്നാട് രജിസ്ട്രേഷൻ കാറുകൾ എന്നിവ പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വലിപ്പമുള്ള രണ്ട് കൊമ്പുകളും വ്യാജമാണെന്നും ചെറിയ കഷ്ണം കൊമ്പ് കാണിച്ച് കബളിപ്പിക്കുകയായിരുന്നെന്നും വ്യക്തമായി.
കേരള രജിസ്ട്രേഷനുള്ള കാർ ഗ്രാമത്തിലേക്ക് തുടർച്ചയായി പോയതാണ് വനംവകുപ്പ് ഇന്റലിജൻസിന് സംശയത്തിനിടയാക്കിയത്. മധുരയിൽ നിന്ന് കാറിൽ എത്തിയവരാണ് കൊമ്പുകൾ കൊണ്ടുവന്നത്. മലയാളികളായ ഇരുവരും കൊമ്പുകൾ വാങ്ങാൻ എത്തിയവരാണെന്ന് വനപാലകർ അറിയിച്ചു. വനപാലകർ പറഞ്ഞപ്പോഴാണ് തങ്ങൾ വാങ്ങാൻ എത്തിയത് വ്യാജ കൊമ്പാണെന്ന് ഇവർ അറിഞ്ഞത്.
