ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ ഉടന്‍ ഇറങ്ങും? ലക്ഷ്യം 140 കോടി ഉപയോക്താക്കൾ


രണ്ടും കൽപ്പിച്ച് ആപ്പിൾ, ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ ഉടന്‍ ഇറങ്ങും? ലക്ഷ്യം 140 കോടി ഉപയോക്താക്കൾ

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ ഇറക്കാന്‍ പോകുന്ന ഐഫോണ്‍ ചരിത്രത്തിലെ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കുമെന്ന് വാര്‍ത്തകള്‍. ഇന്‍വെസ്‌റ്റേഴ്‌സ് ബിസിനസ് ഡെയ്‌ലിയില്‍ ജോണ്‍ ഡോണവന്‍ എഴുതിയ റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടെങ്കില്‍ ആപ്പിള്‍ മാര്‍ച്ച് 8ന് അവരിപ്പിക്കാന്‍ പോകുന്ന ഐഫോണിന് 300 ഡോളറായിരിക്കും വില. 



എന്നാല്‍, അതേ റിപ്പോര്‍ട്ടില്‍ തന്നെ മറ്റൊരു വിശകലന വിദഗ്ധന്റെ അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വെഡ്ബുഷ് സെക്യൂരിറ്റിസിലെ ഡാനിയല്‍ ഐവ്‌സിന്റെ പ്രവചനത്തില്‍ പറയുന്നത് നിലവിലുള്ള ഐഫോണ്‍ എസ്ഇയുടെ (2020) വിലയായ 399 ഡോളര്‍ തന്നെയായിരിക്കും പുതിയ ഐഫോണിനും ഇടുക എന്നാണ്. എന്നാല്‍, ആപ്പിള്‍ അതിലും വില താഴ്ത്തിയാല്‍ തനിക്കതില്‍ അദ്ഭുതമുണ്ടാവില്ലെന്നും ഡാനിയല്‍ പറയുന്നു. 


എന്തുകൊണ്ട് ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ വരുമെന്നു കരുതുന്നു?

ആദ്യ ഐഫോണിന്റെ തുടക്ക വേരിയന്റ് കോണ്ട്രാക്ട് ഇല്ലാതെ വാങ്ങണമെങ്കില്‍ ഇട്ടിരുന്ന വില 650 ഡോളറായിരുന്നു. പിന്നീട് പ്രീമിയം ഐഫോണുകളുടെ വില ഉയര്‍ന്നുയര്‍ന്നു പോയി. വില കുറഞ്ഞ ഐഫോണ്‍ എന്ന ആശയം സാക്ഷാത്കരിക്കാന്‍ ഇറക്കിയ എസ്ഇയുടെ തുടക്ക വേരിയന്റും ഒരിക്കലും 399 ഡോളര്‍ എന്ന വിലയില്‍ നിന്ന് താഴ്ത്തിയിട്ടില്ല (സെയിലുകളില്‍ ഒഴികെ). 



ഈ വര്‍ഷം 299 ഡോളര്‍ എന്ന വില ആണ് ഇടുന്നതെങ്കില്‍ അത് നിശ്ചയമായും സ്മാര്‍ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നു കരുതുന്നു. ആപ്പിളിന് ഹൈ-എന്‍ഡ് ഉപയോക്താക്കളെ മാത്രംമതി എന്നതൊക്കെ പഴങ്കഥയാണ്. അത് ആപ്പിള്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാതാവു മാത്രം ആയിരുന്നപ്പോള്‍ പ്രചരിച്ചിരുന്ന തോന്നലുകളിലൊന്നാണ്. ഫോണ്‍ വില്‍പന, അല്ലെങ്കില്‍ ഹാര്‍ഡ്‌വെയര്‍ മാര്‍ക്കറ്റില്‍ ഇനി കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും നടത്താനാവില്ലെന്ന് അറിയാവുന്ന ആപ്പിള്‍ ഇപ്പോള്‍ പല സോഫ്റ്റ്‌വെയര്‍ സേവങ്ങളും നല്‍കുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് ഹാര്‍ഡ്‌വെയര്‍ വിറ്റാലും അവരില്‍ നിന്നും സോഫ്റ്റ്‌വെയര്‍ വിറ്റ് കാശുണ്ടാക്കാനുള്ള സാധ്യത ആപ്പിള്‍ കാണുന്നു.


ലഭിക്കുക ലോകത്തെ ഏറ്റവും വേഗമേറിയ ഫോണുകളിലൊന്ന്

ഐഫോണ്‍ എസ്ഇ 3/ എസ്ഇ 2022/ എസ്ഇ 5ജി എന്നിങ്ങനെ ഏതെങ്കിലും പേരായിരിക്കാം പുതിയ ഐഫോണിന് എന്നാണ് ഊഹാപോഹങ്ങള്‍ പറയുന്നത്. അതേസമയം, ഈ ഫോണിന് ഇപ്പോഴത്തെ ഏറ്റവും പുതിയ പ്രീമിയം ഐഫോണുകള്‍ക്കുള്ള എ15 ബയോണിക് ചിപ്പ് ഉള്‍ക്കൊള്ളിക്കുക വഴി ലോകത്തെ ഏറ്റവും മികച്ച വിലകുറഞ്ഞ ഫോണുകളിലൊന്നായി തീര്‍ന്നേക്കാമെന്നു പറയുന്നു. 



ഫോണിന്റെ വേഗത്തിലെങ്കിലും ഐഫോണ്‍ എസ്ഇ അതിന്റെ എതിരാളികളേക്കാള്‍ മികവു പുലര്‍ത്തിയേക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. താരതമ്യേന വില കുറഞ്ഞ ഫോണ്‍ മതിയെന്നു കരുതുന്നവര്‍ ഇപ്പോള്‍ കൂടുതലായി വാങ്ങിക്കൂട്ടുന്നത് വണ്‍പ്ലസ് നോര്‍ഡ് സിഇ2 തുടങ്ങിയ മോഡലുകളാണ്. ഇതിന് ബ്രിട്ടനില്‍ 300 ഡോളറാണ് വില. എന്നാല്‍ 6.4-ഇഞ്ച് വലുപ്പമുള്ള മികച്ച ഡിസ്‌പ്ലേയും 65w ഫാസ്റ്റ് ചാര്‍ജിങ് ശേഷിയും അടക്കമുള്ള ഫീച്ചറുകള്‍ ഉണ്ട്. 



അതുപോലെ മികച്ച ഫോണ്‍ വേണമെന്നുള്ളവര്‍ പരിഗണിക്കുന്ന മറ്റൊരു മോഡല്‍ ഗൂഗിള്‍ പിക്‌സല്‍ 5എ ആണ് എന്ന് ടോംസ് ഗൈഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 5ജി ഫോണിന് വില 449 ഡോളറാണ്. ഇതിന് 6.3-ഇഞ്ചാണ് സ്‌ക്രീനിന്റെ വലുപ്പം. ക്യാമറയുടെ പ്രകടനമാണ് ഈ മോഡലിനെ എടുത്തുയര്‍ത്തുന്നത്. എന്നാല്‍, 300 ഡോളര്‍ എന്ന വില ഇട്ടു കഴിഞ്ഞാല്‍ ഐഫോണ്‍ എസ്ഇ 2022ന് അതെല്ലാം ഒറ്റയടിക്കു മറികടകക്കാന്‍ ആയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 



എസ്ഇ മോഡലിന്റെ ശോഭ കെടുന്നത് എവിടെ?

ഐഫോണ്‍ 8 മോഡലിന്റെ ഡിസൈന്‍ ഉപയോഗിച്ചായിരിക്കും പുതിയ ഫോണ്‍ ഇറക്കുക എന്നത് എല്ലാം കൊണ്ടും ഒരു കുറവായിരിക്കും. ഇതിന് 4.7-ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. ഫെയ്‌സ്‌ഐഡിയുടെ അഭാവം, ടച്ച്‌ഐഡി, പഴഞ്ചന്‍ രൂപകല്‍പ്പന, വിലക്ഷണമായ ബെസലുകള്‍, ഒറ്റ പിന്‍ ക്യാമറ തുടങ്ങിയവെയെല്ലാമാണ് ഇതിനുള്ളത്.




 ഈ ഡിസൈനും സ്‌ക്രീനും എല്ലാമായി പൊരുത്തപ്പെടാമെന്നുള്ളവര്‍ക്ക് മികച്ച മോഡലായരിക്കും പുതിയ ഐഫോണ്‍ എസ്ഇ എന്നു കരുതുന്നു. പ്രോസസര്‍, 5ജി ആന്റിന തുടങ്ങി ചില വിഭാഗങ്ങളിലൊഴികെ ഹാര്‍ഡ്‌വെയറില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും പുതിയ മോഡലിന്റെ ക്യാമറാ പ്രകടനത്തില്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ മികവുകള്‍ ഉള്‍ക്കൊള്ളിക്കുക വഴി ശ്രദ്ധ പിടിച്ചുപറ്റാനും ആപ്പിളിനു സാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.



പ്രതീക്ഷിക്കുന്നത് 1.4 ബില്ല്യന്‍ ഉപയോക്താക്കളെ എന്ന് ജെപിമാര്‍ഗന്‍

വിഖ്യാത വിശകലന കമ്പനിയായ ജെപിമോര്‍ഗന്‍ പറയുന്നത് പുതിയ ഐഫോണ്‍ എസ്ഇ മോഡലിലൂടെ 140 കോടി ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം ആപ്പിളിനുണ്ടെന്നാണ്. എന്നാല്‍, അത്തരം ഒരു  സംഖ്യയൊന്നും വിശ്വസനീയമല്ലെന്ന് ടോംസ് ഗൈഡ് എഴുതുന്നു. 



അത്തരം ഒരുഉദ്ദേശമുണ്ടെങ്കില്‍ ആപ്പിള്‍ നിശ്ചയമായും 299 ഡോളര്‍ എന്ന വിലയിട്ടായിരിക്കും ഞെട്ടിക്കുക എന്നും കരുതുന്നു. അതാണ് വിലയെങ്കില്‍ ഇന്ത്യയില്‍ എന്തു എംആര്‍പി വരും എന്നു ചോദിച്ചാല്‍ തുടക്ക വേരിയന്റിന് 35,000 രൂപയില്‍ താഴെ എന്നായിരിക്കും ഉത്തരം (മിക്കവാറും 34500 രൂപ). ഇപ്പോഴത്തെ ഐഫോണ്‍ എസ്ഇ അവതരിപ്പിച്ചപ്പോള്‍ തുടക്ക വേരിയന്റിന് 42,500 രൂപയായിരുന്നു വില. 




പിന്നീട് അത് ഉയര്‍ന്നു. എന്നാല്‍ സെയിലുകളില്‍ ഫ്‌ള്പികാര്‍ട്ട് ഇപ്പോഴത്തെ എസ്ഇയുടെ തുടക്ക വേരിയന്റ് 28,000 രൂപയ്ക്കും മറ്റും വിറ്റിട്ടുണ്ട്. എക്‌സചേഞ്ച് ഓഫര്‍ പുറമെയും ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പുതിയ മോഡലിന് 299 ഡോളറാണ് വിലയെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 25,000 രൂപയ്‌ക്കൊ അതില്‍ താഴെയോ സെയിലില്‍ ലഭ്യമായാല്‍ അദ്ഭുതപ്പെടേണ്ട.



അപ്പോള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ചാലോ?

ഇന്ത്യയില്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്ന മെയ്ക് ഇന്‍ ഇന്ത്യ സ്‌കീമില്‍ ആപ്പിളിനായി ഐഫോണ്‍ നിര്‍മിക്കുന്ന കമ്പനികളായ ഫോക്‌സ്‌കോണും വിസ്ട്രണും ഒക്കെ ഇവിടെ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, അങ്ങനെ നിർമിക്കുന്ന ഫോണുകള്‍ക്ക് അര്‍ഹിക്കുന്ന കിഴിവു നല്‍കി ഇന്ത്യയില്‍ തന്നെ വില്‍ക്കാന്‍ ആപ്പിള്‍ ഇതുവരെ കാര്യമായ ഒരു ഉത്സാഹവും കാണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 




ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് 18 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കി ഇവിടെ വില്‍ക്കാം. പക്ഷേ, അതിനൊക്കെ ആപ്പിള്‍ മുതിരുമോ എന്നൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.


Previous Post Next Post
WhatsApp