_ബസ് സർവീസ് മുടങ്ങുന്ന പ്രതിസന്ധി;ചർച്ച ചെയ്യാൻ ഇന്ന് യോഗം_
പറമ്പില്‍ പീടിക | പടിക്കൽ പറമ്പിൽ പീടിക റോഡിലെ മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുമ്മൻതൊടു പാലം പൊളിച്ചുപണിയുന്ന നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി.ഒരു വർഷത്തിനകം പാലം പുനരുദ്ധാരണം പൂർത്തീകരിക്കാനാവുമെന്നാണ് നിഗമനം. മൂന്ന് സ്പാനുകളാണ് പാലത്തിനുള്ളത്.60 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾക്ക് കടന്നുപോവാൻ കഴിയാത്ത വിധത്തിൽ റോഡിൽ മണ്ണിട്ട് കൊണ്ടാണ് തടസ്സം സ്ഥാപിച്ചിരിക്കുന്നത്.
പാലം പൊളിക്കുന്നത്തോടെ പെരുവള്ളൂർ പഞ്ചായത്തിലെ വലിയൊരു വിഭാഗം ആളുകൾക്ക് ബസ് യാത്ര മുടങ്ങുന്ന പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ യുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരും. കാടപ്പടി -കൊല്ലം ചിന -പുകയൂർ റോഡ് വഴി പോകണമെന്ന നിർദ്ദേശം പ്രയോഗികമല്ലെന്നും ബസുകാർക്കും യാത്രക്കാർക്കും നഷ്ടമാകുമെന്നും കാണിച്ചു പി അബ്ദുൽ ഹമീദ് എം എൽ എ യും പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കലാമും കത്ത് നൽകിയതിൽ തിരൂരങ്ങാടി തഹസീൽദാർ ആണ് യോഗം വിളിച്ചത്.
ചെമ്മാട് ഭാഗത്തേക്ക് കൊണ്ടോട്ടി, കൊല്ലംചിന തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കാടപ്പടി, പറമ്പിൽ പീടിക വഴികളിലൂടെയുള്ള ബസുകൾ സൂപ്പർ ബസാർ-കൂമണ്ണ -വലിയ പറമ്പ് വഴി ദേശീയ പാതയിൽ പ്രവേശിക്കും വിധം തിരിച്ചു വിടണമെന്നാണ് ആവശ്യം. റൂട്ട് അതനുസരിച്ചു മാറ്റിയാൽ സമയക്രമം ഒന്നാകെ മാറും. അതിന് ആർ ടി ഒ യുടെ അനുമതി വേണം. അതനുസരിച്ചാണ് ഇന്ന് രാവിലെ 11 മണിക്ക് യോഗം ചേരുന്നത്.
യൂണിവേഴ്സിറ്റി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പറമ്പിൽ പീടിക -ദേവതിയാൽ -കോഹിനൂർ വഴിയാണ് പോകേണ്ടത്. അവയിൽ സമയ ലഭ്യത അനുസരിച്ച് ബസുകൾ സൂപ്പർ ബസാർ വരെ വന്ന് തിരിച്ചു പോകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.പൊതുമരാമത്ത്, പോലീസ് ഉദ്യോഗസ്ഥരെയും ഇന്നത്തെ യോഗത്തിന് വിളിച്ചിട്ടുണ്ട്