വന്യജീവി സംഘർഷം തടയാൻ നിലമ്പൂർ ആർ.ആർ.ടിക്ക് അത്യാധുനിക ഓഫ് റോഡ് വാഹനം; ഫ്ലാഗ് ഓഫ് ചെയ്ത് പ്രിയങ്ക ഗാന്ധി എം.പി.
ഓൺലൈൻ ഡെസ്ക് | 28-06-2026
നിലമ്പൂർ: ജനവാസ മേഖലകളിലെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ അതിവേഗം നേരിടുന്നതിനായി നിലമ്പൂർ റാപ്പിഡ് റെസ്‌പോൺസ് ടീമിന് (RRT) അത്യാധുനിക ഓഫ് റോഡ് വാഹനം ലഭ്യമാക്കി. പ്രിയങ്ക ഗാന്ധി എം.പി.യുടെ ശ്രമഫലമായി സി.എസ്.ആർ. (CSR) ഫണ്ടുപയോഗിച്ച് അനുവദിച്ച ടൊയോട്ട ഹൈലക്സ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് പ്രിയങ്ക ഗാന്ധി നിർവ്വഹിച്ചു.
ഏത് ദുർഘടമായ ഭൂപ്രദേശങ്ങളിലും അതിവേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഫോർ വീൽ ഡ്രൈവ് ഓഫ് റോഡ് വാഹനമാണ് ആർ.ആർ.ടിക്ക് കൈമാറിയത്. ഏകദേശം 53 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വാഹനം ലഭ്യമാക്കിയത്. നേരത്തെ സമാന രീതിയിൽ വയനാട് ആർ.ആർ.ടി.ക്കും പ്രിയങ്ക ഗാന്ധി എം.പി. സി.എസ്.ആർ. ഫണ്ട് മുഖേന ടൊയോട്ട ഹൈലക്സ് വാഹനവും 1.34 കോടി രൂപ വിലമതിക്കുന്ന അത്യാധുനിക സുരക്ഷാ ഉപകരണങ്ങളും കൈമാറിയിരുന്നു.
മനുഷ്യ-വന്യമൃഗ സംഘർഷം അതീവ സങ്കീർണ്ണമായ പ്രശ്നമാണെന്നും സംസ്ഥാന സർക്കാരുമായി സംയുക്തമായി ചേർന്ന് ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഫ്ലാഗ് ഓഫിന് ശേഷം പ്രിയങ്ക ഗാന്ധി എം.പി. വ്യക്തമാക്കി.
ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ., നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ധനിക് ലാൽ ജി, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. ധനീഷ് കുമാർ ഐ.എഫ്.എസ്., അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അനീഷ സിദ്ദിഖ് തുടങ്ങിയ പ്രമുഖ വ്യക്തികളും വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
English Summary: Priyanka Gandhi MP flagged off a new Toyota Hilux off-road vehicle for the Nilambur Rapid Response Team (RRT) to combat human-wildlife conflict. The vehicle, costing ₹53 lakhs, was funded through CSR initiatives. Priyanka Gandhi stated that the human-wildlife conflict is a complex issue and she will work alongside the state government to find a sustainable solution. Revenue Minister AP Anil Kumar, Aryadan Shoukath MLA, and senior forest officials attended the event.