ആറുവരിപ്പാത പെട്ടെന്ന് രണ്ടുവരിയാകും; കക്കാട്-കൂരിയാട് ഭാഗത്ത് സർവീസ് റോഡില്ല, ദേശീയപാതയിൽ വൻ അപകടഭീഷണി..!


ആറുവരിപ്പാത പെട്ടെന്ന് രണ്ടുവരിയാകും; കക്കാട്-കൂരിയാട് ഭാഗത്ത് സർവീസ് റോഡില്ല, ദേശീയപാതയിൽ വൻ അപകടഭീഷണി..!

ഓൺലൈൻ ഡെസ്ക് | 22-05-2026

ദേശീയപാത 66-ൽ കക്കാടിനും കൂരിയാടിനുമിടയിൽ കടലുണ്ടിപ്പുഴയോടുചേർന്ന ഭാഗത്ത് പാതയ്ക്ക് ആറുവരിക്ക് പകരം അഞ്ചുവരി മാത്രമെന്ന് വ്യാപക പരാതി. പാത പൂർണ്ണമായും ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ഈ ഭാഗത്ത് പാതയ്ക്കിരുപുറവും സർവീസ് റോഡില്ലാത്തത് കടുത്ത അപകടഭീഷണിയാണ് ഉയർത്തുന്നത്.

തൃശ്ശൂർ ഭാഗത്തുനിന്ന്‌ കോഴിക്കോട് ഭാഗത്തേക്ക് അതിവേഗത്തിലെത്തുന്ന ആറുവരിപ്പാത കടലുണ്ടിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിലെത്തുമ്പോൾ പെട്ടെന്ന് രണ്ടുവരിയായി ചുരുങ്ങുകയാണ് ചെയ്യുന്നത്. ഈ ഭാഗത്ത് പാതയ്ക്കരികിലൂടെ വരുന്ന സർവീസ് റോഡ് പുഴ തുടങ്ങുന്നിടത്ത് വച്ച് പെട്ടെന്ന് അവസാനിക്കുന്നു. പരപ്പനങ്ങാടി, ചെമ്മാട് തുടങ്ങിയ ഭാഗങ്ങളിൽനിന്ന്‌ വേങ്ങര, മലപ്പുറം ഭാഗത്തേക്കു പോകുന്ന ബൈക്കുകളും ഓട്ടോറിക്ഷകളുമുൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ഈ സർവീസ് റോഡ് വഴിയാണ് വരുന്നത്. എന്നാൽ സർവീസ് റോഡ് അവസാനിക്കുന്നതോടെ ഈ വാഹനങ്ങൾക്ക് ദേശീയപാതയിലെ അതിവേഗ ട്രാക്കിലേക്ക് പെട്ടെന്ന് കയറിവേണം പുഴ കടന്നുപോകാൻ.

ചെറിയ ഇറക്കവും നേരേയുള്ള പാതയുമായതിനാൽ ദേശീയപാതയിലൂടെ അതിവേഗത്തിലാണ് വലിയ വാഹനങ്ങൾ വരുന്നത്. ട്രാക്കിലേക്ക് പെട്ടെന്ന് കയറുന്ന ചെറിയ വാഹനങ്ങളും അമിതവേഗതയിലെത്തുന്ന വലിയ വാഹനങ്ങളും കൂട്ടിയിടിച്ച് ഇവിടെ വലിയ ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്.

40 വർഷം മുൻപ് നിർമിച്ച, കഷ്‌ടിച്ച് രണ്ടുവാഹനങ്ങൾക്കുമാത്രം കടന്നുപോകാനാകുന്ന പഴയപാലം നിലനിർത്തിയാണ് ഇവിടെ ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. സമാനമായ സ്ഥിതി തന്നെയാണ് തൃശ്ശൂർ ഭാഗത്തേക്കുള്ള റോഡിനുമുള്ളത്. പാലത്തിൽ മൂന്നുവരിയുണ്ടെങ്കിലും ഈ ഭാഗത്തും സർവീസ് റോഡില്ല. തിരക്കേറിയ നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാതയിലൂടെ വരുന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെ വന്നുചേരുന്നതും ഈ അപകടമേഖലയിലേക്കാണ്.

പാത ആറുവരിയാക്കി ഉയർത്തിയപ്പോൾ അതിനനുസരിച്ചുള്ള വീതിയിൽ പുഴയ്ക്കു കുറുകേ പുതിയ പാലം നിർമിക്കാത്തതാണ് ഈ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. തൃശ്ശൂർ ഭാഗത്തേക്ക് മൂന്നുവരിയിൽ പുതിയ പാലമുണ്ടാക്കിയപ്പോൾ കോഴിക്കോട് ഭാഗത്തേക്ക് പഴയപാലം അതേപടി നിലനിർത്തുകയായിരുന്നു. 40 കൊല്ലം മുൻപ് നിർമിച്ചതും ബലക്ഷയസാധ്യത കൂടുതലുള്ളതുമായ ഈ പാലം പൂർണമായി പൊളിച്ചുമാറ്റി, സർവീസ് റോഡും മൂന്നുവരിയുമടങ്ങുന്ന പുതിയപാലം നിർമിക്കണമെന്ന് വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ദേശീയപാതാ അധികൃതരോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. പാത പൂർണ്ണമായും സജീവമായതോടെ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

The newly developed NH 66 stretch between Kakkad and Kooriyad has become a severe accident-prone zone. The six-lane highway abruptly narrows down to a two-lane stretch at the 40-year-old Kadalundi river bridge. Adding to the danger, the service road suddenly ends, forcing small vehicles to merge directly into the high-speed track. Locals and authorities are urging immediate intervention to construct a new, wider bridge to prevent major accidents.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp