വിവിധ ഭാഷകളിൽ സത്യപ്രതിജ്ഞ; പതിനാറാം കേരള നിയമസഭാംഗങ്ങൾ അധികാരമേറ്റു
ഓൺലൈൻ ഡെസ്ക് | 21-05-2026
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിയമസഭാ മന്ദിരത്തിൽ പ്രൗഢഗംഭീരമായി നടന്നു. ജനവിധി നേടി സഭയിലെത്തിയ പുതിയ ജനപ്രതിനിധികൾ ഓരോരുത്തരായി സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു. അക്ഷരക്രമത്തിലായിരുന്നു എംഎൽഎമാരുടെ സത്യപ്രതിജ്ഞാ നടപടികൾ ക്രമീകരിച്ചിരുന്നത്. വിവിധ ഭാഷകളിലുള്ള സത്യപ്രതിജ്ഞാ വാചകങ്ങൾ കൊണ്ട് ചടങ്ങ് ഏറെ ശ്രദ്ധേയമായി മാറി.
സഭയിൽ ആദ്യമായി വി. ഇ. അബ്ദുൽ ഗഫൂർ സത്യപ്രതിജ്ഞ ചെയ്ത് ചടങ്ങുകൾക്ക് തുടക്കമിട്ടു. മഞ്ചേശ്വരം എംഎൽഎ എ. കെ. എം. അഷ്റഫ് കന്നഡ ഭാഷയിലും ദേവികുളം എംഎൽഎ എഫ്. രാജ തമിഴിലുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. സഭയിലെ ഒട്ടനവധി അംഗങ്ങൾ ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ ഭരണഘടന ഉയർത്തിപ്പിടിച്ചും കുന്നത്തുനാട് എംഎൽഎ പി. പി. സജീന്ദ്രൻ ഗാന്ധി തൊപ്പി ധരിച്ചെത്തിയും സത്യപ്രതിജ്ഞ ചെയ്തത് ചടങ്ങിലെ വേറിട്ട കാഴ്ചകളായി. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത സമയത്തെ മാതൃക പിന്തുടർന്ന്, വടശ്ശേരി ദാമോദരമേനോൻ സതീശൻ തന്റെ പൂർണ്ണമായ പേര് ഉച്ചരിച്ചാണ് സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയാക്കിയത്. സഭയിൽ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത് ചെയ്തത് സേവ്യർ ചിറ്റിലപ്പള്ളിയാണ്.
പയ്യന്നൂർ എൽഡിഎഫ് വിമത സ്ഥാനാർത്ഥിയായി വിജയിച്ച വി. കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പ്രത്യേകം അഭിവാദ്യം ചെയ്തത് ശ്രദ്ധേയമായി. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പിണറായി വിജയനും പ്രോടൈം സ്പീക്കറും മുതിർന്ന നേതാവുമായ ജി. സുധാകരനും പരസ്പരം കൈകൊടുക്കുകയും തോളിൽ തട്ടി സൗഹൃദം പുതുക്കുകയും ചെയ്തു.
English Summary: The swearing