റിപ്പോർട്ട്: അബ്ദുറഹീം പൂക്കത്ത്/ കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്
തിരൂരങ്ങാടി: നാലായിരത്തിലധികം വിദ്യാർത്ഥികൾ ദിവസവും സഞ്ചരിക്കുന്ന തിരൂരങ്ങാടി ഗവ: ഹൈസ്കൂൾ റോഡിലെ അശാസ്ത്രീയമായ നിർമ്മാണം കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു. റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി 200 മീറ്ററോളം കോൺക്രീറ്റ് ചെയ്തെങ്കിലും, റോഡിന്റെ ഇരുവശങ്ങളും അപകടകരമായ രീതിയിൽ താഴ്ന്നു കിടക്കുകയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് വലിയ പ്രചാരണത്തോടെയാണ് നഗരസഭയിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന ഈ റോഡിന്റെ പണി തുടങ്ങിയത്. കോൺക്രീറ്റിനൊപ്പം ഇരുവശങ്ങളിലും ഇന്റർലോക്ക് പതിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും, ഫണ്ട് അനുവദിച്ചിട്ടില്ലെന്ന കാരണത്താൽ പണി പാതിവഴിയിൽ നിലച്ച മട്ടാണ്.
തിരൂരങ്ങാടി ചന്തപ്പടി എൽ.പി സ്കൂളിലേക്കും ഗവ: ഹൈസ്കൂളിലേക്കും പോകുന്ന പ്രധാന വഴിയാണിത്. റോഡിന്റെ ഇരുവശങ്ങളിലും ആഴമേറിയ ഗട്ടറുകൾ രൂപപ്പെട്ടതിനാൽ രണ്ട് വാഹനങ്ങൾ ഒരേസമയം വന്നാൽ സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പലപ്പോഴും വാഹനങ്ങൾ ഈ ഗട്ടറുകളിലേക്ക് വീഴുന്നതും പതിവാണ്. തിരക്കേറിയ സമയങ്ങളിൽ കുട്ടികൾ ഇതിലൂടെ നടന്നുപോകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
സ്കൂൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനും ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയുമായ അബ്ദുറഹീം പൂക്കത്ത് തിരൂരങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി. ഇന്റർലോക്ക് പതിക്കാൻ ഫണ്ട് ഇല്ലെങ്കിൽ, താൽക്കാലികമായി മണ്ണുനിറച്ചെങ്കിലും ഗട്ടറുകൾ നികത്തി അപകടസാധ്യത ഒഴിവാക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Search Description (English):
Complaint filed regarding the dangerous condition of Tirurangadi Govt. High School road, used by over 4000 students daily. Read full details.