തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ നടത്തി പിഴയടയ്ക്കാതെ മുങ്ങുന്നവർക്കെതിരെ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനങ്ങൾക്കുള്ള പിഴ കൃത്യസമയത്ത് ഒടുക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർ.സി) റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ നടപ്പിലാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു.
നിയമത്തെ ഗൗരവമായി കാണാത്ത പ്രവണത വർധിച്ചുവരുന്നതും, ചുമത്തുന്ന പിഴത്തുകയിൽ ചെറിയൊരു ശതമാനം മാത്രം ഖജനാവിലേക്ക് എത്തുന്നതുമാണ് നടപടികൾ കടുപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
പുതിയ വ്യവസ്ഥകൾ ഇങ്ങനെ:
- സമയപരിധി: നിയമലംഘനം നടത്തുന്നവർക്ക് ലഭിക്കുന്ന ചലാനുകൾ 3 ദിവസത്തിനുള്ളിൽ ഓൺലൈനായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റണം. ഇതിന് ശേഷം 45 ദിവസത്തിനുള്ളിൽ പിഴയൊടുക്കണം.
- ആക്ഷൻ: 45 ദിവസത്തിനുള്ളിൽ പിഴയടച്ചില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിലേക്കും ആർ.സി ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നതിലേക്കും നടപടികൾ നീങ്ങും.
- ബ്ലാക്ക് ലിസ്റ്റിംഗ്: അഞ്ചുതവണയിൽ കൂടുതൽ ഗതാഗത നിയമലംഘനം നടത്തുകയും എന്നാൽ പിഴയടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ 'ബ്ലാക്ക് ലിസ്റ്റിൽ' ഉൾപ്പെടുത്തും. ഇത്തരം വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള ഒരു സേവനവും പിന്നീട് ലഭിക്കില്ല.
- ഗുരുതര കുറ്റകൃത്യങ്ങൾ: ചുവപ്പ് സിഗ്നൽ ലംഘിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴയടച്ചില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് ഉടൻ സസ്പെൻഡ് ചെയ്യും.
നിയമലംഘകരുടെ വിവരങ്ങൾ 'വാഹൻ', 'സാരഥി' പോർട്ടലുകളിൽ തത്സമയം ലഭ്യമാകുന്നതിനാൽ നടപടികൾ വേഗത്തിലാകും.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്