ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്ച; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു, വിവരങ്ങൾ ഡാർക്ക് വെബിൽ
വാഷിംഗ്ടൺ: പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. ഏകദേശം 1.75 കോടി (17.5 മില്യൺ) ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് വിവരം. പ്രമുഖ സൈബർ സുരക്ഷാ ഏജൻസിയായ 'മാൽവെയർ ബൈറ്റ്സ്' (Malwarebytes) ആണ് ഈ വിവരം പുറത്തുവിട്ടത്.
ചോർത്തപ്പെട്ട വിവരങ്ങൾ ഹാക്കർമാർ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ (Meta) ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചോർന്നത് എന്തൊക്കെ?
ഉപഭോക്താക്കളുടെ യൂസർനെയിം, മേൽവിലാസം, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവയുൾപ്പെടെയുള്ള നിർണ്ണായക വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച് ഹാക്കർമാർ അക്കൗണ്ടുകളിലേക്ക് കടന്നുകയറാനും മറ്റ് സൈബർ കുറ്റകൃത്യങ്ങൾ നടത്താനും സാധ്യതയുണ്ടെന്ന് മാൽവെയർ ബൈറ്റ്സ് മുന്നറിയിപ്പ് നൽകുന്നു.
ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക
ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീ-സെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പല ഉപഭോക്താക്കൾക്കും തങ്ങൾ ആവശ്യപ്പെടാതെ തന്നെ പാസ്‌വേഡ് റീ-സെറ്റ് ചെയ്യാനുള്ള സന്ദേശങ്ങൾ ഫോണിൽ ലഭിക്കുന്നതായി പരാതിയുണ്ട്. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വിദഗ്ധർ അറിയിക്കുന്നു.