ഇത് നിയമയുദ്ധത്തിന്റെ വിജയം: അസമില്‍ ബുള്‍ഡോസര്‍ രാജില്‍ ഇടിച്ചുനിരപ്പാക്കപ്പെട്ട വീടിന്റെ ഉടമസ്ഥര്‍ക്ക് 30 ലക്ഷം രൂപ വിതരണം ചെയ്യേണ്ടിവന്നു


ഇത് നിയമയുദ്ധത്തിന്റെ വിജയം: അസമില്‍ ബുള്‍ഡോസര്‍ രാജില്‍ ഇടിച്ചുനിരപ്പാക്കപ്പെട്ട വീടിന്റെ ഉടമസ്ഥര്‍ക്ക് 30 ലക്ഷം രൂപ വിതരണം ചെയ്യേണ്ടിവന്നു

ഗുവാഹത്തി: യു.പിയിലെ യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ പാത പിന്തുടര്‍ന്ന് നിയമവിരുദ്ധമായി വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് പതിവാക്കിയ അസമിലെ ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാരിന് കനത്ത പ്രഹരം. ബുള്‍ഡോസര്‍ രാജിന് ഇരയായ അഞ്ചുകുടുംബങ്ങള്‍ക്ക് കോടതി ഇടപെടലിനെത്തുടര്‍ന്ന് 30 ലക്ഷംരൂപ സര്‍ക്കാര്‍ വിതരണംചെയ്തു. 

മത്സ്യവ്യാപാരിയായ ഷഫീഖുല്‍ ഇസ്‌ലാമിന്റെ കസ്റ്റഡി കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ നൗഗാവില്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു മുസ്‌ലിംകളുടെ വീടുകള്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. നൗഗാവ് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലാണ് വീടുകള്‍ നഷ്ടമായവര്‍ക്ക് തിങ്കളാഴ്ച നഷ്ടപരിഹാരം വിതരണം ചെയ്തത്. നഷ്ടപരിഹാരം വിതരണംചെയ്തതിന്റെ വിശദാംശങ്ങള്‍ അസം സര്‍ക്കാര്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. രണ്ട് കോണ്‍ക്രീറ്റ് വീടുകളും ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് നിര്‍മിച്ച നാലുവീടുകളുമാണ് തകര്‍ത്തത്. കോണ്‍ക്രീറ്റ് വീടുകള്‍ക്ക് പത്തുലക്ഷം രൂപവീതവും അല്ലാത്തവയ്ക്ക് രണ്ടരലക്ഷം രൂപയുമാണ് നല്‍കിയത്. 

2022 മെയില്‍ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. പൊലിസ് അറസ്റ്റ്‌ചെയ്ത ഷഫീഖുല്‍ ഇസ്ലാം (39) കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയും പ്രക്ഷോഭകര്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തതാണ് വിവാദങ്ങള്‍ക്ക് തുടക്കം. 

മത്സ്യവില്‍പ്പന പൂര്‍ത്തിയായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷഫീഖിനെ പൊലിസ് അറസ്റ്റ്‌ചെയ്യുകയും 10,000 രൂപ നല്‍കുകയാണെങ്കില്‍ മോചിപ്പിക്കാമെന്നും അറിയിച്ചു. അടുത്തദിവസം ഷഫീഖിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതോടെ നാട്ടുകാരും ഷഫീഖിന്റെ ബന്ധുക്കളും പ്രതിഷേധിക്കുകയും സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തു. ഷഫീഖിന്റെ മയ്യിത്ത് മറവുചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലിസ് എത്തി ഷഫീഖിന്റെ വിധവയും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മൂത്തമകളും ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ്‌ചെയ്തു. സ്റ്റേഷന്‍ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയെന്നാരോപിച്ച് ഇവര്‍ക്കെതിരേ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി. 

പിന്നാലെ ഷഫീഖിന്റെയും രണ്ട് സഹോദരങ്ങളുടെയും രണ്ട് ബഹന്ധുക്കളുടെയും ഉള്‍പ്പെടെ വീടുകളും തകര്‍ത്തു. പ്രതികളില്‍ ഒരാള്‍ പൊലിസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെടുകയുംചെയ്തു. ബംഗാളി മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് സംഭവം നടന്ന സലോന്‍ബാരി. ഇതോടെ കൂടുതല്‍ പൊലിസ് നടപടി ഭയന്ന് പ്രദേശത്തുകാര്‍ നാടുവിട്ടുപോയി. വിവിധ സന്നദ്ധസംഘടനകളും വ്യക്തികളുമാണ് വിഷയത്തില്‍ നിയമയുദ്ധം നടത്തിയത്. കേസ് ആദ്യമായി നവംബറില്‍ പരിഗണിച്ചപ്പോള്‍ പൊലിസ് നടപടിയെ കടുത്ത ഭാഷയിലായിരുന്നു ഹൈക്കോടതി അപലപിച്ചത്. കേസ് ഈ മാസം മൂന്നിന് പരിഗണിക്കവെ, ഷഫീഖിന്റെത് കസ്റ്റഡി കൊലപാതകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും നഷ്ടപരിഹാരത്തിന് ഉത്തരവിടുകയുമായിരുന്നു.
Previous Post Next Post
WhatsApp