സിദ്ധാര്‍ഥിന്റെ മരണം: വെറ്ററിനറി സര്‍വകലാശാല വി.സിയെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍
തിരുവനന്തപുരം: കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതു സംബന്ധിച്ച് രാജ്ഭവന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സിദ്ധാര്‍ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കിയതായി ഗവര്‍ണര്‍ വ്യക്തമാക്കി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.
സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചത് സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നാണ്. മരിച്ച ശേഷം ഒരു ചാന്‍സലര്‍ കൂടിയായ തനിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പോലും സര്‍വകലാശാല തയ്യാറായില്ല. ഇന്നലെ മാത്രമാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇത് റാഗിങ് അല്ല. ഇത് കൊലപാതകമാണ്. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഭക്ഷണം ഒന്നും കഴിക്കാതെ സിദ്ധാര്‍ഥിന്റെ വയര്‍ ഒഴിഞ്ഞനിലയിലായിരുന്നു. സിദ്ധാര്‍ഥിനെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അവര്‍ അനുവദിച്ചില്ല. 24 മണിക്കൂറിലധികം നേരമാണ് ഇത്തരത്തില്‍ ഭക്ഷണം നിഷേധിച്ചത്. ഇതെങ്ങനെയാണ് ക്യാമ്പസില്‍ സംഭവിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.
ക്യാമ്പസുകളില്‍ എസ്എഫ്‌ഐ- പിഎഫ്‌ഐ കൂട്ടുകെട്ട് ഉണ്ട്. ഇത് താന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലും ഈ കൂട്ടുകെട്ട് ഉള്ളതായും ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാല അധികൃതരുടെ ഭാഗത്താണ് ഗുരുതര തെറ്റ് സംഭവിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.