സ്വന്തം പേര് ഏഴുതാനും അക്ഷരം കൂട്ടിവായിക്കാനും അറിയാത്തവര്‍ക്ക് കേരളത്തില്‍ എ പ്ലസ് കിട്ടുന്നുവെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം - സ്വന്തം പേര് ഏഴുതാന്‍ അറിയാത്തവര്‍ക്കും അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും കേരളത്തില്‍ എ പ്ലസ് കിട്ടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ വിമര്‍ശം. പത്താം ക്ലാസ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളില്‍ വാരിക്കോരി നല്‍കുന്ന മാര്‍ക്ക് വിതരണത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രൂക്ഷമായി വിമര്‍ശിച്ചു. എഴുത്തും വായനയും അറിയാത്തവര്‍ക്ക് പോലും എ പ്ലസ് ലഭിക്കുകയാണെന്ന് അദേഹം തുറന്നടിച്ചു. എസ് എസ് എല്‍ സി ചോദ്യപ്പേപ്പര്‍ തയ്യാറാക്കലിനായുള്ള ശില്‍പശാലയ്ക്കിടെയാണ് കേരളത്തിന്റെ വിദ്യാഭ്യാസ അവസ്ഥയെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്. ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തില്‍ കൂടുതല്‍ വെറുതെ മാര്‍ക്ക് നല്‍കരുത്. 69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് കിട്ടുന്നുണ്ട്, എന്ന് വെച്ചാല്‍. എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികള്‍ക്ക് വരെ അതില്‍ എ പ്ലസ് ഉണ്ട്. 'എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല; ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍കുന്നു. കേരളത്തെ ഇപ്പോള്‍ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്നും എസ് ഷാനവാസ് പറഞ്ഞു.