വീടും സ്ഥലവുമുണ്ടെന്ന വ്യാജ പ്രചാരണം: മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്
ഇടുക്കി - ക്ഷേമ പെന്ഷന് ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച വൃദ്ധമാരിലൊരാളായ മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടു വീടുമുണ്ടെന്ന വ്യാജപ്രചാരണത്തിനെതിരെയാണ് കോടതിയെ സമീപിക്കുന്നത്. ഭൂമിയില്ലെന്ന് മന്നാങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്ഷന് നല്കാന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അപകീര്‍ത്തിക്കേസും നല്‍കുമെന്ന് മറിയക്കുട്ടി അറിയിച്ചു. മറിയക്കുട്ടിക്ക് നിയമസഹായം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.
മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നായിരുന്നു സി.പി.എം അനുകൂലികളുടെ പ്രചാരണം. പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്ത ഏറ്റെടുത്തായിരുന്നു അണികള്‍ വ്യാപക പ്രചാരണം നടത്തിയത്. മറിയക്കുട്ടിക്ക് സ്വന്തമായി രണ്ട് വീടുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപക്ക് വാടകക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു പ്രചാരണം. ഇത് കൂടാതെ ഒന്നര ഏക്കറോളം സ്ഥലമുണ്ടെന്നും ഇവരുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമായിരുന്നു ദേശാഭിമാനി വാര്‍ത്ത.
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വില്ലേജ് ഓഫീസിലെത്തിയ മറിയക്കുട്ടി തനിക്കു വില്ലേജ് പരിധിയില്‍ ഭൂമി ഉണ്ടെങ്കില്‍ അതു സംബന്ധിച്ചുള്ള രേഖ നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. അടിമാലി വില്ലേജില്‍ ഒരിടത്തും മറിയക്കുട്ടിയുടെ പേരില്‍ ഭൂമിയില്ലെന്നു വില്ലേജ് ഓഫീസര്‍ വൈകിട്ടോടെ അറിയിച്ചിരുന്നു. രണ്ട് വീടുണ്ടെന്ന ആരോപണം തെറ്റാണെന്ന് അതിന് മുമ്പ് തന്നെ തെളിഞ്ഞിരുന്നു. വിദേശത്ത് ജോലിയുള്ള മകളെ കണ്ടെത്തി തരാന്‍ സി.പി.എം തയാറാകണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. ലോട്ടറിക്കട നടത്തുകയാണ് മറിയക്കുട്ടിയുടെ മകള്‍. ക്ഷേമ പെന്ഷന് വൈകിയപ്പോള്‍ മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയില്‍ ഭിക്ഷയെടുക്കാനിറങ്ങിയത്.