ടിക് ടോകിന് സൗദിയിൽ നിരോധനം ഏർപ്പെടുത്തിയേക്കും
റിയാദ്- സമൂഹമാധ്യമമായ ടിക് ടോകിന് സൗദിയിൽ നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. സൗദിയിലെ ഉള്ളടക്കം സെൻസർ ചെയ്യുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യയിലെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. ചൈനീസ് ടെക് കമ്പനിയായ ByteDance ന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് പ്ലാറ്റ്ഫോം സൗദി അറേബ്യയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന അഭിപ്രായങ്ങൾ അനുവദിക്കുകയും അതേസമയം നിരവധി സൗദി അക്കൗണ്ടുകൾ മരവിപ്പിക്കുകയോ സൗദി അനുകൂല പോസ്റ്റുകൾ നീക്കുകയും ചെയ്യുന്നുണ്ട്.
സൗദിക്ക് അനുകൂലമായ വീഡിയോ പോസ്റ്റ് ചെയ്താൽ ആ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുകയോ വീഡിയോകൾ ഡിലീറ്റ് ചെയ്യുകയോ ചെയ്തതായി ഉപയോക്താക്കൾ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രചാരണമാണ് സൗദിയിൽ നടക്കുന്നത്. ഈ ആഴ്ച സൗദി അറേബ്യയിൽ 'Boycott TikTok' എന്ന ഹാഷ്ടാഗ് ട്രെൻഡിംഗാണ്. ഹമാസ്-ഇസ്രായേൽ യുദ്ധത്തിനിടെ ഫലസ്തീനികൾക്കുള്ള സൗദിയുടെ സഹായത്തെ പ്രശംസിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ഫലസ്തീൻ സ്വദേശിയുടെ ടിക് ടോക് അക്കൗണ്ട് നീക്കം ചെയ്തിരുന്നു.
അതേസമയം, ടിക് ടോക്കിനെതിരായ സൗദിയിലെ പൊതുജനങ്ങളുടെ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ മേഖല കമ്പനികൾ ടിക് ടോക്കുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തുടങ്ങി. സൗദിക്ക് എതിരായ ഉള്ളടക്കത്തിന്റെ പേരിൽ ടിക് ടോക്കുമായുള്ള ബന്ധം വിച്ഛേദിച്ചതായി യെലോ ലീഗ് എന്നറിയപ്പെടുന്ന സോക്കർ അസോസിയേഷനായ സൗദി ഫസ്റ്റ് ഡിവിഷൻ ലീഗിൽ നിന്നുള്ള ഒരു ഉറവിടം വ്യക്തമാക്കി. സൗദിയിലെ അറബി ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തിനെതിരായ ഏതൊരു മോശം നടപടിയും അംഗീകരിക്കാനാവില്ല. അതിനാൽ, ടിക് ടോക്കുമായുള്ള കരാർ അവസാനിപ്പിച്ചു. അടുത്ത സീസൺ മുതൽ യെലോ ലീഗിൽ ടിക് ടോക്കിന്റെ സാന്നിധ്യമുണ്ടാകില്ലെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റിപ്പോർട്ടിനെക്കുറിച്ച് യെലോ ലീഗ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിഷൻ 2030 സംബന്ധിച്ച തന്റെ പോസ്റ്റ് പോലും ടിക് ടോക് നീക്കം ചെയ്തതായി ഒരു ഉപയോക്താവ് പറഞ്ഞു. ശക്തമായ പ്രതിഷേധത്തിനൊടുവിൽ പോസ്റ്റ് പുനസ്ഥാപിച്ചതായും സംഭവത്തിൽ ഖേദിക്കുന്നതായും ടിക് ടോക് അധികൃതർ അറിയിക്കുകയും ചെയ്തു. ടിക് ടോക് ഉടൻ സൗദിയിൽ നിരോധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ഈ ഉപയോക്താവ് പറഞ്ഞു.
വിവാദങ്ങൾക്കിടെ, സൗദിയിലെ ഉള്ളടക്കം പരിമിതപ്പെടുത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ച് ടിക് ടോക്ക് പ്രസ്താവന ഇറക്കി. സൗദി അറേബ്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ടിക് ടോക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശരിയല്ല. ഞങ്ങളുടെ നയങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഈ ആരോപണങ്ങളെ ഞങ്ങൾ ശക്തമായി നിരസിക്കുന്നു. ഞങ്ങളുടെ ജീവനക്കാർക്കും പങ്കാളികൾക്കുമെതിരെ നടത്തുന്ന ബോധപൂർവമായ പ്രചാരണങ്ങളെ ശക്തമായി എതിർക്കുന്നതായും പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി. ആരോപണങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കി. 2023-ൽ സൗദി അറേബ്യയിൽ 18 വയസ്സിനു മുകളിലുള്ള 26.39 ദശലക്ഷം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. ഗൾഫ് രാജ്യങ്ങളിൽ ടിക് ടോക്കിന്റെ പരസ്യ വ്യാപ്തി 103% ആയിരുന്നു.