തൊപ്പി നിഹാദിനെ കാണാന്‍ ആരാധകരുടെ കാത്തിരിപ്പ്, അടുപ്പിക്കില്ലെന്ന് മറ്റൊരു കൂട്ടര്‍ക്ക് വാശി, പൊല്ലാപ്പിലായത് പോലീസ്
മലപ്പുറം - 'തൊപ്പി 'എന്ന പേരിലറിയപ്പെടുന്ന സോഷ്യല്‍ മീഡിയാ താരം നിഹാദിനെക്കൊണ്ട് ഇന്നലെ പോലീസ് ശരിക്കും പൊല്ലാപ്പിലായി. മലപ്പുറം ഒതുക്കങ്ങലില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനായി തൊപ്പി നിഹാദ് എത്തിയതോടെയാണ് പോലീസ് വലഞ്ഞത്. ഒതുക്കുങ്ങലില്‍ പുതിയതായി തുടങ്ങിയ ജെന്റ്‌സ് വെയര്‍ കടയുടെ ഉദ്ഘാടനത്തിന് തൊപ്പിയെന്ന മുഹമ്മദ് നിഹാദ് എത്തുമെന്ന വിവരം സോഷ്യല്‍ മീഡിയയിലാണ് പ്രചരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചതെങ്കിലും ഉച്ചയോടെ തന്നെ ഇവിടേക്ക് തൊപ്പിയാരാധകരുടെ കുത്തൊഴുക്കായി. ഇതില്‍ കുട്ടികളായിരുന്നു അധികവും. തൊപ്പിയെത്തുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാരില്‍ കുറേ പേരും സംഘടിച്ചു. കുട്ടികളെ വഴി തെറ്റിക്കുന്ന പോസ്റ്റുമായി നടക്കുന്ന തൊപ്പിയെ ഇവിടേക്ക് അടുപ്പിക്കില്ലെന്നായിരുന്നു അവരുടെ തീരുമാനം. ഇരു വിഭാഗവും സംഘടിച്ചതോടെ ഒതുക്കങ്ങല്‍ ഭാഗത്ത് ട്രാഫിക് തടസ്സവും അനുഭവപ്പെട്ടു. തൊപ്പി എത്തിയാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഉദ്ഘാടനത്തിനെത്തിയ തൊപ്പിയെ ഇവിടേക്ക് എത്തും മുന്‍പ് വഴിയില്‍ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കണ്ടാണ് നിഹാദിനോട് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചതെന്ന് പൊലീസ് പറഞ്ഞു. തൊപ്പി തരിച്ചു പോയതോടെയാണ് പോലീസുകാര്‍ക്ക് ശ്വാസം വീണത്. നേരത്തെ വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടനത്തിനെത്തിയ നിഹാദിനെതിരെ അശ്ലീല പദപ്രയോഗം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും കേസെടുത്തിരുന്നു.