'ഞാൻ കാരണം, അതിന്റെ എല്ലാ ദോഷങ്ങളും പേറി അച്ഛൻ പോയി, ഓർക്കാത്ത ദിവസങ്ങളില്ല'; കോടിയേരിയെക്കുറിച്ച് മകൻ ബിനീഷ്
കണ്ണൂർ - അച്ഛനെ കുറിച്ച് ഓർക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ലെന്ന് സി.പി.എം നേതാവും മുൻ അഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ഓർമവാർഷികത്തിൽ മകൻ ബിനീഷ് കോടിയേരി.
ഞങ്ങളോട് നന്നായി പഠിക്കണം എന്നല്ല, ആളുകളോട് നന്നായി ഇടപെടണം, നന്നായി സംസാരിക്കണം, സാമൂഹ്യമായ ഇടപെടലുകളിൽ ജീവിക്കണം എന്നായിരുന്നു അച്ഛൻ എപ്പോഴും പറഞ്ഞിരുന്നത്. നമുക്ക് തുല്യരാണ് എല്ലാവരും എന്ന ബോധത്തോടെയെ സാമൂഹ്യ ഇടപെടലുകൾ നടത്താവൂ എന്ന് എപ്പോഴും പറയും. ആരോടും അച്ഛൻ ചിരിച്ചിരുന്നത് മനസ്സും ഹൃദയവും കൊണ്ടാണ്. ഒരിക്കൽ പരിചയപ്പെടുന്ന ഒരാളെ നാളുകൾക്കുശേഷം കണ്ടാലും പേരും സംസാരിച്ച വിഷയവും അച്ഛൻ ഓർക്കുമായിരുന്നുവെന്നും ബിനീഷ് കോടിയേരി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
അച്ഛൻ
ഒക്ടോബർ ഒന്ന് അച്ഛൻ യാത്രയായ ദിവസം.
2023ൽ ആ ദിവസമെത്തുമ്പോൾ അച്ഛൻ 'യാത്ര പറയാതെ' പോയിട്ട് 365 ദിവസത്തെ ദൈർഘ്യമാവുന്നു, അച്ഛനെ കുറിച്ച് ഓർക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
ഇത്ര പെട്ടന്ന് ദിനങ്ങൾ കടന്ന് പോയോ എന്ന് തോന്നിക്കുമാറുംവിധം ഉൾക്കൊള്ളാനാവാത്ത ഒരു യാഥാർത്ഥ്യമായി അച്ഛന്റെ വേർപാട് നില്ക്കുന്നു.
അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ഓരോരുത്തരുടെയും മനസ്സിൽ എത്ര എത്ര ഓർമ്മകളായിരിക്കും വരിക, ചിരിക്കുന്ന മുഖത്തോടു കൂടിയ രൂപം നാം എല്ലാവരുടെയും മനസ്സിൽ ഇപ്പൊ വരുന്നുണ്ടാവും.
അച്ഛന്റെ പോയ ദിവസങ്ങളിലെ പത്രങ്ങളും വിഡിയോയും ഒന്നും പൂർണ്ണമായി ഇപ്പോഴും കണ്ടിട്ടില്ല.
ഇപ്പോൾ സഖാക്കൾ ചെറു വീഡിയോകളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെക്കുമ്പോഴാണ് ചിലത് കാണുന്നത്. അത് ഇടയ്ക്ക് ഒരിക്കൽ കാണാൻ ശ്രമിച്ചു. പക്ഷെ പറ്റിയില്ല, കാണുമ്പോഴേക്കും നെഞ്ചു കട്ടികൂടി തൊണ്ടയിൽ കനം കൂടുന്ന അവസ്ഥയാണ്. ഇപ്പോഴും അത് അങ്ങനെ തന്നെ. പൊരുത്തപ്പെടാൻ ഇനിയും എത്ര സമയമെടുക്കും എന്നറിയില്ല. അച്ഛൻ പറഞ്ഞ വാക്കുകളും അച്ഛന്റെ ഓർമ്മകളും കരുത്താക്കി, അച്ഛനില്ലാത്ത ലോകത്ത് ആണ് ഞാൻ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശ്വാസം ഒരോ നിമിഷവും എന്നോടൊപ്പമുണ്ട്. അച്ഛൻ എന്ന മനുഷ്യൻ എത്രയോ പടർന്നു പന്തലിച്ച ഒന്നായിരുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ നാളുകളായിരുന്നു ഇത്. അച്ഛൻ ആരായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിത്തുടങ്ങിയിട്ടേ ഉള്ളൂവെന്നും കാലങ്ങളോളം തുടരുമെന്നും ഞാൻ തിരിച്ചറിയുന്നു.
അച്ഛൻ ആരായിരുന്നു, സഖാവ് കോടിയേരി ബാലകൃഷ്ണൻ ജനങ്ങൾക്ക് എന്തായിരുന്നു, അച്ഛൻ ഇടപെട്ട ഒരോരുത്തരുടേയും മനസ്സിൽ കോടിയേരി എന്ന മനുഷ്യൻ എങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടത് എന്ന് അദ്ദേഹമില്ലാത്ത ഈ ദിവസങ്ങളിൽ ഓരോ നിമിഷവും ഞാൻ അറിയുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു.
അച്ഛൻ ഇടപെട്ട ഒരോ മനുഷ്യർക്കും അവരുടെ ജീവിതകാലം മുഴുവൻ ഓർക്കാൻ നല്ലൊരു അനുഭവം ബാക്കിവച്ചിട്ടാണ് അച്ഛൻ പോയത്, ജനങ്ങളോട് അത്രമേൽ അലിഞ്ഞു ചേർന്നിരുന്നു അച്ഛൻ.
അച്ഛൻ പോയതിന്റെ ആഘാതത്തിൽ മൂന്നു മാസത്തോളം കോടിയേരിയിലെ വീട്ടിൽതന്നെ ഒരു മരവിപ്പോടെ ഉള്ള ഇരിപ്പായിരുന്നു, അതിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ പോകുമ്പോൾ, എന്നെ തലോടിയും കെട്ടിപ്പിടിച്ചും ആളുകൾ പറയുന്നത് എല്ലാവർക്കുമറിയാവുന്ന കോടിയേരിയെക്കുറിച്ചല്ല, അവരുടെ കോടിയേരിയെക്കുറിച്ചാണ്. ഒരോരുത്തരുടേയും ജീവിതത്തിൽ അദ്ദേഹത്തതിൽനിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ചാണ്. അതിൽ സി.പി.എം പ്രവർത്തകർ മാത്രമല്ല, മറിച്ച് അവരിൽ എല്ലാ തലത്തിലുമുള്ള ജനങ്ങളുമുണ്ടായിരുന്നു. ഇത്രയും പേരോട് ഒരു മനുഷ്യന് നേരിട്ട് എങ്ങനെ ബന്ധപ്പെടാനാവും എന്ന് ആശ്ചര്യപ്പെടുമ്പോൾ, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്തായിരിക്കണം എന്നതിനെക്കുറിച്ചു തന്റെ കാഴ്ചപ്പാടുകൾ അച്ഛൻ അതേ പോലെ തന്നെ പ്രാവർത്തികമാക്കിയിരുന്നു എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.
സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് എല്ലാ പാർട്ടിയിലും പെട്ട ആൾക്കാർ രാഷ്ട്രീയാതീതമായി പ്രശ്‌നങ്ങൾ സംസാരിക്കാൻ എന്തുകൊണ്ട് വന്നു എന്നതിന്റെ ഉത്തരം അച്ഛൻ ഒരു നല്ല കേൾവിക്കാരനായിരുന്നു എന്നതാണ്.