കോഴിക്കോട് - കോട്ടയം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരിച്ച് 2017-ൽ സ്വാശ്രയ കോളജിലെ ഹോസ്റ്റലിൽ ജീവൻ നഷ്ടമായ പാലക്കാട് നെഹ്‌റു ഗ്രൂപ്പ് കോളജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയുടെ അമ്മ മഹിജ.
ജിഷ്ണു മരിച്ച ഘട്ടത്തിൽ ഇനിയൊരു കുടുംബത്തിനും ഈയൊരു ദുരവസ്ഥ ഉണ്ടാകില്ലെന്നാണ് കരുതിയത്. പക്ഷേ, ജിഷ്ണു വീണ്ടും ആവർത്തിക്കുകയാണ്. അമൽ ജ്യോതി കോളജിലൂടെ ശ്രദ്ധയുടെ കുടുംബം ഇന്ന് കടന്നുപോകുന്നത് ഞാനനുഭവിച്ച കടുത്ത വേദനയിലൂടെയാണ്. ഇതൊരു തീരാനോവാണ്. കുഞ്ഞുമക്കളെ നല്ല ഭാവിയുണ്ടാക്കാൻ, വലിയ പ്രതീക്ഷയോടെയാണ് നാം മാതാപിതാക്കൾ കോളജുകളിൽ വലിയ ഫീസ് നൽകി ചേർക്കുന്നത്. എന്നാൽ ജയിലറകൾക്ക് സമാനമാണ് അവിടങ്ങളിലെ കുട്ടികളോടുള്ള പെരുമാറ്റം. ജിഷ്ണുവിന്റെ കേസിന് സമാനമായി ശ്രദ്ധയുടെ കേസിലും കുറ്റക്കാർ ശിക്ഷിക്കപ്പെടില്ലെന്ന ആധിയാണ് മഹിജയ്ക്കുള്ളത്.
'പണവും സ്വാധീനവും ഉള്ളവർക്കൊപ്പമാണ് നീതി. ജിഷ്ണു കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത് രണ്ട് പേർക്കെതിരെ മാത്രമാണ്. അതിലൊരാൾ പിന്നീട് മരിക്കുകയും ചെയ്തു. കുറ്റം ചെയ്യിപ്പിച്ചവർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. ആദ്യ ഘട്ടത്തിലുയർന്ന പ്രതിഷേധമെല്ലാം കെട്ടടങ്ങി. ഇപ്പോൾ ആരുണ്ട്, ആർക്കു വേണം? ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധമെങ്കിലും അങ്ങനെയാകാതിരുന്നാൽ മതിയായിരുന്നു. ശ്രദ്ധയുടെ മരണം അറിഞ്ഞത് മുതൽ കടുത്ത മനോവിഷമത്തിലാണ്. പ്രതികരിക്കുന്ന കുട്ടികളെ അടിച്ചമർത്തി ഇല്ലാതാക്കുകയാണ്. വിദ്യാർത്ഥി സംഘടനകളുണ്ടായിരുന്നെങ്കിൽ കുട്ടികൾ ഒറ്റപ്പെട്ട് പോകില്ലായിരുന്നുവെന്നും മഹിജ പറഞ്ഞു.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയുമായ ശ്രദ്ധ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെയും വിദ്യാർത്ഥികളുടെയും ആരോപണം. സംഭവത്തിൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് വിദ്യാർത്ഥികൾ സമരം താത്കാലികമായി അവസാനിപ്പിച്ചത്.