സ്വകാര്യബസ് ടിക്കറ്റും ഡിജിറ്റലാകുന്നു.

സ്വകാര്യബസ് ടിക്കറ്റും ഡിജിറ്റലാകുന്നു.

സ്വകാര്യ ബസില്‍ ചില്ലറയുടെ പേരില്‍ കണ്ടക്ടറുമായി ഇനി തര്‍ക്കം വേണ്ട.
ബസ് ടിക്കറ്റും ഡിജിറ്റലാകുകയാണ്. എടിഎം കാര്‍ഡോ ഗൂഗിള്‍ പേയോ വഴി ഇനി ബസില്‍ ടിക്കറ്റെടുക്കാം. 

സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ ബസുകളില്‍ പണരഹിത ടിക്കറ്റിംഗ് സംവിധാനമായ ജിഎല്‍ പിഒഎസ് (ഗ്രാന്‍ഡ് ലേഡി പോയിന്‍റ് ഓഫ് സെയില്‍) ഇന്ന് ആരംഭിച്ചു. 

ആദ്യഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ നൂറോളം ബസുകളിലാണു പദ്ധതി നടപ്പാക്കുക. ഒരു മാസത്തിനുള്ളില്‍ ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനിലുള്ള സംസ്ഥാനത്തെ 1200 ബസുകളിലേക്ക് പണരഹിത ടിക്കറ്റിംഗിന് സൗകര്യമൊരുക്കും. 

യാത്രക്കാര്‍ക്കു തങ്ങള്‍ യാത്രചെയ്യുന്ന ദുരത്തേക്കുള്ള ടിക്കറ്റ് തുക ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴിയോ ഗൂഗിള്‍ പേ വഴിയോ കണ്ടക്ടര്‍ക്കു നല്‍കാം. കണ്ടക്ടറുടെ പക്കലുള്ള മെഷീനില്‍ കാര്‍ഡ് സ്വൈപ്പിംഗിനും യുപിഐ ഇടപാടിനുമുള്ള സജ്ജീകരണമുണ്ടാകും. ടിക്കറ്റിനു പകരം ആവശ്യമെങ്കില്‍ യാത്രക്കാരന്‍റെ മൊബൈലിലേക്കു യാത്രചെയ്യുന്ന സ്ഥലവും നല്‍കിയ തുകയും ഉള്‍പ്പെടുത്തിയ മെസേജ് ലഭിക്കാനും പുതിയ സംവിധാനത്തില്‍ ക്രമീകരണമുണ്ട്. 

കൊച്ചി ആസ്ഥാനമായ ഐടി സ്റ്റാര്‍ട്ടപ്പായ ഗ്രാന്‍ഡ് ലേഡി പ്രൈവറ്റ് ലിമിറ്റഡാണു സ്വകാര്യ ബസുകള്‍ക്കായി ജിഎല്‍ പിഒഎസ് തയാറാക്കിയിട്ടുള്ളത്. ബസുകള്‍ക്കു പുറമേ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ വിവിധ സേവനങ്ങള്‍ പണരഹിതമാക്കാനും ജിഎല്‍ പിഒഎസിലൂടെ സാധിക്കുമെന്ന് ഗ്രാന്‍ഡ് ലേഡി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ ജനീഷ് ജെയിംസ് പറഞ്ഞു. 

പേമെന്‍റ് സേവനങ്ങളിലെ പ്രമുഖരായ വേള്‍ഡ്‌ലൈനും സിറ്റി യൂണിയന്‍ ബാങ്കും പുതിയ സംരംഭത്തില്‍ കൈ കോര്‍ക്കുന്നുണ്ട്. 

ആര്‍ബിഐ ചട്ടപ്രകാരമുള്ള അപ്‌ഡേഷനുകള്‍ ഉറപ്പാക്കുന്നതിനു വാടക അടിസ്ഥാനത്തിലാകും കമ്ബനി ടിക്കറ്റിംഗ് മെഷീനുകള്‍ സ്വകാര്യ ബസുകള്‍ക്കു നല്‍കുന്നത്. ജിഎല്‍പിഒഎസിന്‍റെ ഭാഗമായി കൊച്ചി മെട്രോ കാര്‍ഡ് മാതൃകയില്‍ സ്വകാര്യബസ് യാത്രകള്‍ക്കു ട്രാവലിംഗ് കാര്‍ഡുകളും ഉടനെത്തും. റീചാര്‍ജ് ചെയ്യാവുന്ന ട്രാവലിംഗ് കാര്‍ഡുകള്‍ ഉപയോഗിച്ചു സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാം. 400 രൂപ വരെ റീചാര്‍ജ് ചെയ്യാവുന്ന കാര്‍ഡുകളാകും ലഭ്യമാക്കുക.
Previous Post Next Post
WhatsApp