തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിയ ഹൈകോടതി വിധി ഭരണകൂടം വേട്ടയാടുന്ന എല്ലാവർക്കും ആശ്വാസമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.
വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരായ കേസ് എത്രമാത്രം ദുർബലമെന്ന് വിധി തെളിയിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞതിനാണ് സർക്കാർ തന്നെ വേട്ടയാടിയത്. സക്കാത്ത് വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുത് എന്ന് പറഞ്ഞു. ഇതുപോലൊരു റമദാനിൽ ആയിരുന്നു അത്. അതിന്റെ പേരിൽ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചു. ഇപ്പോൾ ദുരിതാശ്വാസ നിധി കൊള്ളയടിച്ചതിന്റെ പേരിൽ കേസുകൾ നടക്കുകയാണ്. എന്നാൽ തനിക്കെതിരായ കേസിൽ മറ്റൊരു റമദാനിൽ തന്നെ വിടുതൽ ലഭിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ കള്ളക്കേസെടുത്തത്. ചെറിയ മാര്‍ജിനില്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടായി. വ്യാജ ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രാജിവക്കണം എന്നു പറയുന്നില്ല, വ്യാജപ്രചരണത്തിന് മാപ്പ് പറയാന്‍ തയ്യാറുണ്ടോെയെന്നും ഷാജി ചോദിച്ചു. ഭരണകൂട വേട്ടയ്ക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ കേസിലേക്ക് ഇഡിയെ വിളിച്ചു വരുത്തുകയാണ് വിജിലൻസ് ചെയ്തത്. മുൻ എസ്എഫ്ഐ പ്രവർത്തകനായിരുന്നു ഇഡി ഉദ്യോഗസ്ഥൻ. തന്നെയും കുടുംബത്തെയും അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടി. ഭാര്യയെ പോലും അന്വേഷണത്തിന്റെ പേരിൽ പ്രയാസപ്പെടുത്തി.
അദ്ദേഹം പറഞ്ഞു.