അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് മലയാളി; വിവേക് രാമസ്വാമി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി. പ്രസിഡന്‍ഷ്യല്‍ പ്രൈമറിയിലേക്ക് നിക്കി ഹേലിക്ക് ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നെത്തുന്ന രണ്ടാമത്തെ കമ്മ്യൂണിറ്റി അംഗമാണ് അമേരിക്കയിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക് രാമസ്വാമി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമായ വിവേക് യുഎസിലാണു ജനിച്ചുവളര്‍ന്നത്. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്‍.ഗണപതി അയ്യരുടെ മകനായ വി.ജി.രാമസ്വാമിയാണു വിവേകിന്റെ അച്ഛന്‍. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. ഇരുവരും ഒന്നരമാസം മുന്‍പു പാലക്കാട് എത്തിയിരുന്നു. ഇന്ത്യന്‍ വംശജയായ ഡോ.അപൂര്‍വ തിവാരിയാണു വിവേകിന്റെ ഭാര്യ.
ഈ രാജ്യത്ത് അതിന്റെ ആദര്‍ശങ്ങള്‍ പുനരുജ്ജീവിക്കാന്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറത്തിലല്ല, മറിച്ച് നിങ്ങളുടെ സ്വഭാവത്തിന്റെയും നിങ്ങളുടെ സംഭാവനകളുടെയും ഉള്ളടക്കത്തിലാണ് നിങ്ങള്‍ ഈ രാജ്യത്ത് മുന്നേറുന്നത്. ഇത് വെറും രാഷ്ട്രീയപ്രചാരണമല്ല. അടുത്ത തലമുറയിലെ അമേരിക്കക്കാര്‍ക്ക് ഒരു പുതിയ സ്വപ്‌നം സൃഷ്ടിക്കാനുള്ള ഒരു സാംസ്‌കാരിക മുന്നേറ്റമാണിതെന്നും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കവെ വിവേക് രാമസ്വാമി പറഞ്ഞു.